ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാന്‍ നാട്ടിലെ ജനങ്ങള്‍ക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങള്‍ തീര്‍പ്പാക്കണം. വഴിവിട്ട നടപടികള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ട്. അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല. സര്‍ക്കാര്‍ അത് അംഗീകരിക്കുകയുമില്ല. ഇത്തരം രീതികളില്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. ഫയലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. അത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രമം നടത്തും. സെക്രട്ടേറിയറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുണ്ടാകും. ജനങ്ങളുടെ ദാസന്‍മാരായാണ് വിവിധ ഓഫീസുകളിലുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. പ്രശ്ന പരിഹാരത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടരുത്. സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാലാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓര്‍മപ്പെടുത്തിയത്. ജനങ്ങളെ സഹായിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്തും. 800 ലധികം സേവനങ്ങള്‍ നേരത്തെ ഓണ്‍ലൈന്‍ ആക്കിയിരുന്നു. ഏറ്റവും അധികം ജനങ്ങള്‍ സഹായം തേടിയെത്തുന്ന പഞ്ചായത്ത്, റവന്യു തലത്തിലാണ് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നടപ്പാക്കിയത്.
ജനങ്ങള്‍ക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ അവര്‍ അറിഞ്ഞു പോയാല്‍ സര്‍ക്കാരിന് ഗുണകരമായാലോ എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ആരോഗ്യകരമായ സമീപനങ്ങളെ സ്വീകരിക്കുകയും കലവറയില്ലാത്ത സഹകരണം നല്‍കുകയും ചെയ്യുന്ന നടപടി നമ്മുടെ നാട്ടില്‍ സംഭവിക്കാറില്ല. ചിലരുടെ താത്പര്യം സംരക്ഷിക്കുന്ന പ്രത്യേകതരത്തിലെ പ്രചാരണമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുക. നെഗറ്റീവ് ചിന്തയും നിഷേധാത്മക നിലപാടും വളര്‍ത്തിക്കൊണ്ടുവരികയാണ് അത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിധിയെഴുത്തു നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന രീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. കഴിഞ്ഞ തവണ ജനങ്ങള്‍ വലിയതോതില്‍ ഇതുമായി സഹകരിച്ചു. ഇത്തവണയും ആളുകള്‍ അദാലത്തിലേക്ക് നല്ലരീതിയില്‍ വരുന്നുണ്ട്. നേരത്തെ മന്ത്രിസഭായാകെ മേഖലാതലത്തിലെത്തി യോഗങ്ങള്‍ നടത്തി ജില്ലയിലെ പ്രശ്നങ്ങള്‍ മനസിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.