ആഗോള ടയര്‍ രംഗത്തെ മുന്‍നിരക്കാരായ മിഷേലില്‍ നിന്ന് കോസ്മോ ബ്രാന്‍ഡിനെ ആര്‍പിജി കമ്പനിയായ സിയറ്റ് ഏറ്റെടുക്കാന്‍ ധാരണയായി. കോസ്മോ ബ്രാന്‍ഡിന്റെ ഓഫ് ഹൈവേ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ബയസ് ടയര്‍, ട്രാക്ക് ബിസിനസുകളാണ് 225 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ഈ ഇടപാടിലൂടെ ഏറ്റെടുക്കുന്നത്. കോസ്മോ ബ്രാന്‍ഡിന്റെ ആഗോള തലത്തിലെ ഉടമസ്ഥതാവകാശവും അത്യാധുനീക നിര്‍മാണ സൗകര്യങ്ങളും 2023 സാമ്പത്തിക വര്‍ഷത്തെ 215 ദശലക്ഷം ഡോളറോളം വരുന്ന വരുമാനം അടക്കമുള്ള ബിസിനസും ഇതില്‍ ഉള്‍പ്പെടും.
യുറോപ്യന്‍ യൂണിയനിലും വടക്കേ അമേരിക്കയിലും ശക്തമായ വിപണി സ്ഥാനമാണ് കോസ്മോ ബ്രാന്‍ഡിനുള്ളത്. മൂന്നു വര്‍ഷത്തെ ലൈസന്‍സിങ് കാലയളവിനു ശേഷം കോസ്മോ ബ്രാന്‍ഡ് സിയറ്റിന് പൂര്‍ണമായി നല്‍കും. ഉയര്‍ന്ന മാര്‍ജിനുള്ള ഓഫ് ഹൈവേ ടയര്‍ ബിസിനസൂമായി ബന്ധപ്പെട്ട് നിര്‍മാണമാരംഭിക്കാന്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സിയറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ആഗോള തലത്തില്‍ ഈ രംഗത്ത് എത്താനാവുന്നത് സിയറ്റിനെ സംബന്ധിച്ച് സുപ്രധാനമായൊരു നാഴികക്കല്ലാണ്. ആഗോള തലത്തില്‍ മുന്‍നിര ടയര്‍ നിര്‍മാതാക്കളാകാനുള്ള സിയറ്റിന്റെ യാത്രയില്‍ തന്ത്രപരമായി നിര്‍ണായക സ്ഥാനമാണ് ഈ ഏറ്റെടുക്കലിനുള്ളതെന്ന് ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്മാന് അനന്ത് ഗോയങ്ക പറഞ്ഞു.
ഓഫ് ഹൈവേ ടയര്‍ ബിസിനസില്‍ വളരാനുള്ള സിയറ്റിന്റെ വളര്‍ച്ചാ തന്ത്രങ്ങള്‍ക്ക് തികച്ചും അനുയോജ്യമായതാണ് കോസ്മോ ബ്രാന്‍ഡ് എന്ന് സിയറ്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു.