ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെൻ്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എക്സ്പോയിൽ, ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികൾ ഉൾപ്പെടെ, രാഷ്ട്രീയ, വ്യവസായിക മേഖലകളിലെ സുപ്രധാന വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുക്കും. സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ നൂതനവികസനവും പരസ്പരസഹകരണവും ലക്ഷ്യമിട്ട് നടത്തുന്ന സുപ്രധാന രാജ്യാന്തര എക്സ്പോയ്ക്ക് കൊച്ചി വേദിയാകുന്നതിലൂടെ, ലോകോത്തര ബിസിനസ് പ്രമുഖരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് കേരളം.
കേരളത്തെ അന്താരാഷ്ട്ര വ്യവസായ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ, സംസ്ഥാന വ്യവസായ വകുപ്പ്, കിൻഫ്ര, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി), കേന്ദ്ര ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വകുപ്പ് (എം.എസ്.എം.ഇ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ കൂടുതൽ വ്യവസായസൗഹൃദപരമാക്കുന്നതിനും വ്യവസായികൾക്കിടയിൽ പങ്കാളിത്തവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ത്രിദിനസംഗമം നിർണായക പങ്കുവഹിക്കും.
ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയുടെ രണ്ടാമത്തെ ദിവസമായ ഡിസംബർ 14, ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന വ്യവസായ, കയർ, നിയമ മന്ത്രി പി. രാജീവ്, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, റവന്യൂ മന്ത്രി കെ.രാജൻ, പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
എക്സ്പോയുടെ ആദ്യ ദിവസം, കിൻഫ്രയുടെ മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് എക്സ്പോ ഡയറക്ടറി പുറത്തിറക്കും. കിൻഫ്ര സംരംഭക ഫോറത്തിന്റെ തുറന്ന യോഗവും ആശയവിനിമയ സദസുമാണ് മറ്റൊരു പരിപാടി. സമൂഹത്തിന്റെ അടിത്തട്ട് മുതൽ വ്യവസായങ്ങൾ എളുപ്പമാക്കുന്നതിനുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മാധ്യമസമ്മേളനവും നടക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഡി.ഐ.സി അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. കൃപ കുമാർ, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ വർഗീസ് മാലക്കാരൻ എന്നിവരും പങ്കെടുക്കും.
രണ്ടാം ദിനം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) വിവിധ പദ്ധതികൾ അവതരിപ്പിക്കുന്ന പ്രധാന പദ്ധതി, കെ.എസ്.ഐ.ഡി.സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ നിർവഹിക്കും. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ) ജനറൽ കൗൺസിൽ യോഗവും പിന്നാലെ നടക്കും. സാംസ്കാരിക പരിപാടികളോടെയായിരിക്കും ഉദ്ഘാടനസമ്മേളനം അവസാനിക്കുക.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വേണ്ടിയുള്ള വിവിധ ധനസഹായ പദ്ധതികളുടെ സിമ്പോസിയമാണ് മൂന്നാം ദിവസത്തെ പ്രധാന ആകർഷണം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സിമ്പോസിയം ഉദ്ഘാടനം ചെയ്യാനെത്തും. റവന്യൂ മന്ത്രി കെ.രാജൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
തൃക്കാക്കര എം.എൽ.എ ഉമാ തോമസ്, മുൻ നിയമസഭാംഗം മമ്മദ് കോയ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്, കെ.ബി.ഐ.പി സിഇഒ എസ്. സൂരജ് കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ കെ.ബി.ഐ.പി വർഗീസ് മലക്കാരൻ, ഡി.ഐ.സി അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. കൃപ കുമാർ, കെ.എസ്.എസ്.ഐ.എയുടെ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ധീൻ, IIIE – 2024 എക്സ്പോയുടെ ചെയർമാൻ കെ.പി രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, വൈസ് പ്രെസിഡന്റുമാരായ പി.ജെ ജോസ്, എ.വി. സുനിൽ നാഥ്, എ. ഫാസിലുദ്ധീൻ, ജോയിന്റ് സെക്രട്ടറിമാരായ എം.എസ്. അനസ്, എം.എം. മുജീബ് റഹിമാൻ, കെ.വി. അൻവർ, എക്സ്പോയുടെ സി.ഇ.ഒ സിജി നായർ, മുൻ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവണൂർ,കെ.എസ്.എസ്.ഐ.എ ന്യൂസിന്റെ ചീഫ് എഡിറ്റർ എസ്. സലിം, ട്രെഷറർ ബി. ജയകൃഷ്ണൻ, തൃശൂർ എം.എസ്.എം.ഇ ഡി.എഫ്.ഒ മേധാവിയും ഐ.ഇ.ഡി.എസ് ജോയിന്റ് ഡയറക്ടറുമായ ജി.എസ്. പ്രകാശ്, കാനറാ ബാങ്കിന്റെ ജനറൽ മാനേജരും എസ്.എൽ.ബി.സി കൺവീനറുമായ കെ.എസ്. പ്രദീപ്, കെ.എസ്.എസ്.എഫ് ചെയർമാൻ എം. ഖാലിദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡി.ജി.എം (എസ്.എം.ഇ.ബി.യു) സന്തോഷ് കുമാർ, കെ.എഫ്.സിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ വി. പ്രസാദ്, തൃശൂർ എം.എസ്.എം.ഇ ഡി.ഐയുടെ അസിസ്റ്റന്റ് ഡയറക്ടർ യു.സി. ലചിതമോൾ, ഡി.ഐ.സിയുടെ അഡീഷണൽ ഡയറക്ടർ ജി. രാജീവ്, ജനറൽ മാനേജർ പി.എ. നജീബ് തുടങ്ങി നിരവധി വിശിഷ്ടാഥികൾ പങ്കെടുക്കും.
ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന മുന്നൂറോളം കമ്പനികൾ പങ്കെടുക്കും. വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രെസെന്റേഷനുകൾ, ശില്പശാലകൾ എന്നിവയും ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വിവിധതരം സെൻസറുകൾ, റോബോട്ടുകൾ, സോഫ്ട്വെയറുകൾ എന്നിവയുടെ പ്രദർശനം പ്രധാന ആകർഷണമായിരിക്കും. വ്യാവസായിക വളർച്ചയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഏറ്റവും പുതിയ വ്യാവസായിക കണ്ടുപിടുത്തങ്ങൾക്കാണ് വരുന്ന മൂന്ന് ദിവസങ്ങളിലായി കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. വ്യവസായങ്ങൾ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നവർക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളുടെ പ്രത്യേക ഡെസ്കുകളും വേദിയിലുണ്ടാകും. രാജ്യത്തിൻറെ മൊത്തം ഭാവി വാണിജ്യ, വ്യവസായ വളർച്ചയ്ക്ക് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.