ഹൃദയത്തിന്റെ മാംസപേശികളെ ബാധിക്കുന്ന ജനിതക രോഗാവസ്ഥയായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിയുടെ ചികിത്സയിൽ മികവ് ലക്ഷ്യമാക്കി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ഏട്ടാമത് അമൃത ഹാർട്ട് കോൺക്ലേവ് സമാപിച്ചു. ഡിസംബർ 7ന് ആരംഭിച്ച ദ്വിദിന ശിൽപശാലയിൽ ഇരുന്നൂറോളം ദേശീയ -അന്തർദേശീയ ഹൃദ്രോഗ വിദഗ്ദ്ധർ പങ്കെടുത്തു.
പാരമ്പര്യമായി രോഗസാധ്യതയുള്ളവർ നേരത്തേ തന്നെ ജനിതക – സ്‌ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാകുന്നത് ചെറുപ്പക്കാരിൽ ഈ രോഗത്താൽ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തി. 500 മുതൽ 200 പേരിൽ ഒരാൾക്ക് കണ്ടുവരുന്ന ഹൃദയതകരാറായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിക്ക് സമഗ്രചികിത്സ നൽകുന്ന തെക്കേ ഏഷ്യയിലെ ഒരേയൊരു ചികിത്സാകേന്ദ്രമാണ് കൊച്ചി അമൃത ആശുപത്രിയിലേത്.
അമേരിക്കയിലെ ക്ലീവ് ലാൻഡ് ക്ലിനിക്കിൽ നിന്നുള്ള പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ. നിക്കോളാസ് ജെറാൾഡ് സ്‌മിദീര ശസ്ത്രക്രിയാ ശില്പശാലക്ക് നേതൃത്വം നൽകി.
ഡോ. ബാരി.ജെ. മറോൺ , പ്രൊഫ. ലാക്കോപോ ഒലിവോട്ടൊ, ലിസ സൽബെർഗ്, ഡോ. പ്രവീൺ വർമ്മ, ഡോ. രാജേഷ് തച്ചത്തൊടിയിൽ, ഡോ. ഹിഷാം അഹമ്മദ്, ഡോ. കിരൺ ഗോപാൽ, ഡോ .രാജേഷ് ജോസ് , ഡോ. രോഹിത് മിക്ക എന്നിവർ പരിശീലന സെഷനുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.