പച്ചരിയും ഉഴുന്നും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം പൊതുവിൽ മലബാർ വെള്ളപ്പോള എന്നാണ് അറിയപ്പെടാറുള്ളത്. കൂടുതലായും നോമ്പുതുറ സമയത്താണ് ഈ വിഭവം ഉണ്ടാക്കാറുള്ളത്. എങ്കിലും ഇപ്പോൾ ക്രിസ്മസ് സമയങ്ങളിലും പലരും വീടുകളിൽ ഇറച്ചിക്കറിക്കൊപ്പം കഴിക്കാനായി ഈ വെള്ളപ്പോള ഉണ്ടാക്കുന്നത് കാണാറുണ്ട്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പച്ചരി – ഒരു കപ്പ്
ഉഴുന്ന് – ഒരു വലിയ സ്പൂൺ
ചോറ് – മുക്കാൽ കപ്പ്
പഞ്ചസാര – മൂന്നു വലിയ സ്പൂൺ
ഉപ്പ് – അര ചെറിയ സ്പൂൺ
യീസ്റ്റ് – ഒരു ചെറിയ സ്പൂൺ
തയ്യാറാക്കേണ്ട രീതി
അരിയും ഉഴുന്നും ഒരു രാത്രി കുതിർത്തു വയ്ക്കുക. അതിനുശേഷം ചോറ് പഞ്ചസാര ഉപ്പ് ഈസ്റ്റ് എന്നിവയും പാകത്തിനു വെള്ളവും ചേർത്ത് അരയ്ക്കുക. ഇഡ്ഡലി മാവിനെക്കാൽ അയവിൽ മാവു തയാറാക്കുക. ഇത് അഞ്ചു മുതൽ ആറു മണിക്കൂർ അനക്കാതെ വയ്ക്കണം. പിന്നീട് എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക. ശേഷം കട്ടിതേങ്ങാപ്പാൽ ഒഴിച്ചു കഴിക്കാം.