സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളുടെ അവസ്ഥ ഞെട്ടിക്കുന്നതാണ്. കേരളത്തിലെ ജനങ്ങളുടെ പ്രധാന യാത്രാ മാര്‍ഗ്ഗമായ കെഎസ്ആര്‍ടിസി ബസുകളുടെ നിജസ്ഥിതി വിവരാവകാശ അപേക്ഷയിലൂടെ പുറത്തുവന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍ പെടുന്ന നിരവധി സംഭവങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ചിലതെങ്കിലും ബസിന്റെ കാലപ്പഴക്കവും ഫിറ്റ്‌നസ് ഇല്ലായ്മയും കൂടി കാരണമായി ഉണ്ടാകുന്നതാണ് എന്നതാണ് വസ്തുത. കെഎസ്ആര്‍ടിസി ബസുകളുടെ മോശം അവസ്ഥ പുറത്തുവന്നത് പുതിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെയാണ്.
നിലവില്‍ സംസ്ഥാനത്ത് പെര്‍മിറ്റുള്ള 5533 ബസുകളില്‍ 1,194 എണ്ണം 15 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജയദേവ് നല്‍കിയ വിവരാവകാശ അപേക്ഷയ് ലഭിച്ച മറുപടിയില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ബസുകള്‍ അപകടമുണ്ടാക്കിയാലുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ചട്ടപ്രകാരം നഷ്ടപരിഹാരം കെഎസ്ആര്‍ടിസി തന്നെയാണ് നല്‍കുന്നതെന്നും രേഖയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിദിനം ശരാശരി 10 അപകടങ്ങളില്‍ പെടുന്ന സാഹചര്യത്തിലാണ് ഇത്. 2016 മുതല്‍ നല്‍കിയ നഷ്ടപരിഹാരത്തിന്റെ കൃത്യമായ വിവരങ്ങളും കെഎസ്ആര്‍ടിസി സൂക്ഷിച്ചിട്ടില്ല.
അതേസമയം, കെസ്ആര്‍ടിസിയുടേതായി ആകെ നിരത്തിലുള്ള 5533 എണ്ണത്തില്‍ 444 കെ സ്വിഫ്റ്റ് ബസുകളടക്കം 2345 എണ്ണത്തിന് മാത്രമാണ് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതെന്നുള്ള ഗൗരവമുള്ള കാര്യവും വിവരാവാകശ രേഖയില്‍ വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള 2,300 ബസുകളില്‍ 1,902 ബസുകള്‍ക്കും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമാണുള്ളത് (അതായത് ബസിലെ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല).