Celebrities

അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണ്; അല്ലു അര്‍ജുനെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍ – Amitabh Bachchan praises Allu Arjun

അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ റീച്ച് കൊടുത്ത സിനിമയാണ് 2021 ല്‍ പുറത്തെത്തിയ പുഷ്‍പ: ദി റൈസ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിന്റെ തുടർകഥ എന്നോണം എല്ലാവരെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തി പുഷ്പ 2 റിലീസ് ആയത്. ഓരോ ദിവസവും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ കടപുഴക്കിക്കൊണ്ടുള്ള ജൈത്രയാത്രയിലാണ് ചിത്രം. ഇപ്പോഴിതാ അല്ലു അര്‍ജുനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്ന് ബച്ചന്‍ എക്സില്‍ കുറിച്ചു.

പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ ആണെന്ന മറുപടിയായിരുന്നു അല്ലു അർജുൻ പറഞ്ഞിരുന്നത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അമിതാഭ് ബച്ചന്‍റെ പോസ്റ്റ്.

അല്ലു അർജുന്റെ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ‘അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ എന്നെ വിനയാന്വിതനാക്കുന്നു. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്‍റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്‍റെ പ്രാര്‍ഥനകളും ആശംസകളും’ അദ്ദേഹം പറഞ്ഞു.

STORY HIGHLIGHT: Amitabh Bachchan praises Allu Arjun