അംഗനവാടികള്‍ വഴി പ്രത്യേക പോഷകാഹാര പദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ഭക്ഷണ വസ്തുക്കളേക്കുറിച്ചുള്ള പരാതികള്‍ രൂക്ഷമാവുകയാണ്. ഒഡിഷയിലെ ബാലികുഡയിലെ 252 അംഗനവാടികളില്‍ വിതരണം ചെയ്തത് പുഴുക്കളും ക്ഷുദ്ര ജീവികളും ഓടി നടക്കുന്ന ഗോതമ്പും ഛത്വ മാവും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായാണ് പ്രത്യേക പദ്ധതിയുടെ കീഴില്‍ പോഷകഹാരം അംഗനവാടികള്‍ വഴി വിതരണം ചെയ്യുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പോരായ്മകളേക്കുറിച്ച് പരാതി ആവര്‍ത്തിച്ചിട്ടും ഒരു മാറ്റവുമില്ലാതെ ഉപയോഗിക്കാനാവാത്ത ഉത്പന്നങ്ങള്‍ അംഗനവാടികളിലേക്ക് വീണ്ടുമെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രത്യേക പോഷകാഹാര പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ജില്ലാ അധികൃതര്‍ എല്ലാ മാസം 23നും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയിരുന്നു. ഇതിനായി ജില്ലാ പരിഷത്ത് അംഗങ്ങള്‍ അടക്കം അംഗമായ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതില്‍ ശരിയായ രീതിയിലുള്ള മേല്‍നോട്ടം നടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സ്ഥിതിയെന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ വിശദമാക്കുന്നത്. സ്വയം സഹായ സംഘങ്ങള്‍ വഴി വിതരണം ചെയ്ത സൂചി ഗോതമ്പിലും മാവിലും പ്രാണികളും പുഴുവിനേയും കണ്ടെത്തുന്നത് പതിവാണ്.
സംഭവത്തില്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണം വേണമെന്നാണ് പ്രാദേശിക ഭരണകൂടം ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം ശിശുക്ഷേമ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ക്ക് ചുമതലയുള്ള ബ്ലോക്കുകളില്‍ ഉപയോഗ ശൂന്യമായ ഭക്ഷണ വസ്തുക്കള്‍ വിതരണം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.