തായ്ലന്ഡില് നിന്ന് കേരളത്തിലേക്ക് ഭക്ഷണ പൊതികളിലൊളിപ്പിച്ച് കഞ്ചാവ് കടത്തിയ ഒരാള്‍ കൂടി പിടിയില്‍. രണ്ടാഴ്ചയ്ക്കിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രം പിടികൂടിയത് 20 കോടിയിലേറെ രൂപയുടെ കഞ്ചാവ്. ഇന്ന് മലപ്പുറം സ്വദേശികൂടി അറസ്റ്റിലായതോടെ മറ്റ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. മെഡിക്കല്‍ ആവശ്യത്തിനുള്ള കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ രാജ്യമാണ് തായ് ലാന്‍ഡ്. വിവിധ തരം കഞ്ചാവുകള് സുലഭമായി ലഭിക്കുന്ന ഇടം കൂടിയാണ് തായ് ലാന്‍ഡ്.
അതിലൊന്നാണാണ് ബാങ്കോക്കില്‍ നിന്ന് കേരളത്തിലെത്തുന്ന വീര്യം കൂടിയ ഹൈബ്രിഡ് കഞ്ചാവുകള്. വീര്യം പോലെ തന്നെയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ വിലയും. ഒരു കിലോയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1 കിലോയ്ക്ക് 1 കോടി രൂപ. 13 കോടി രൂപ വിലവരുന്ന 13 കിലോ കഞ്ചാവാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയില്‍ ഇന്ന് പിടികൂടിയത്.
മറ്റ് ഭക്ഷണപാക്കറ്റുകള്‍ക്കിടയിലുള്ളൊരു പൊതിയായിട്ടാണ് ഇവ രഹസ്യമായി കടത്തുന്നത്. കണ്ടാല്‍ ഭക്ഷണസാധനമാണെന്നാണ് ആദ്യം തോന്നുക. ഉണക്കിയ പച്ചക്കറിയോ മറ്റോ പോലെ തോന്നുന്ന ഇവ ഇന്ത്യയിലുള്ള കഞ്ചാവുമായി സാമ്യമില്ല. കസ്റ്റംസ് പരിശോധനയിലാണ് കഞ്ചാവാണെന്ന് വ്യക്തമായത്. ബാങ്കോക്കില്‍ നിന്ന് തായ് എയര്വേയ്സില് എത്തിയ മലപ്പുറം സ്വദേശി ഉസ്മാന് ആണ് ഇന്ന് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച എഴരക്കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി കസ്റ്റംസ് പിടികൂടിയിരുന്നു. ഫവാസും ബാങ്കോക്കില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. തുടര്‍ച്ചയായ ലഹരിവേട്ടയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.