പത്തു വര്‍ഷത്തിനിപ്പുറം മലകയറി അയ്യപ്പ ദര്‍ശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മലകയറി ദര്‍ശനം നടത്തിയത്. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കില്‍ ഒരു മിനിറ്റ് കിട്ടി. വിഗ്രഹം ശരിക്കൊന്നു കണ്ടു. അപ്പോഴേക്കും പിന്നില്‍ നിന്നുള്ള തള്ളല്‍ വന്നു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദര്‍ശനം നടത്തി.
തിരുവനന്തപുരം ലോ അക്കാദമിയില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ശബരിമല ദര്‍ശനത്തിന് എത്തിയത്. കോളജ് യൂണിയന്‍ ചെയര്‍മാന്‍ അരവിന്ദിന്റെ നൂറനാട്ടെ വീട്ടില്‍ നിന്നാണ് കെട്ടു മുറുക്കി ആദ്യമായി ശബരിമല ദര്‍ശനം നടത്തുന്നത്. പിന്നീട് എറണാകുളത്തെ സുഹൃത്തുക്കള്‍ക്ക് ഒപ്പവും ശബരിമല ദര്‍ശനം നടത്തി. കാല്‍ മുട്ടിന്റെ വേദന കാരണമാണ് 10 വര്‍ഷമായി എത്താന്‍ കഴിയാത്തത്. ഇപ്പോള്‍ കാല്‍മുട്ട് ശരിയായി. നടന്നു മല കയറുന്നതിനു പ്രയാസം ഉണ്ടായില്ല.
ഇതുവരെയുള്ള തീര്‍ഥാടന ഒരുക്കങ്ങള്‍ നല്ലതായിരുന്നു. പരാതി ഇല്ല, ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് കൂടും. അപ്പോള്‍ കൈവിട്ടു പോകാതെ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ.അജികുമാറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയില്‍ താന്‍ കൊണ്ടുവന്ന സബ്മിഷന്‍ കാരണമാണ് സ്‌പോട് ബുക്കിങ് പുനരാരംഭിക്കാന്‍ സാധിച്ചതെന്നും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.