Travel

വനവാസകാലത്ത് പാണ്ഡവർ വസിച്ചിരു ഗുഹ; നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന കവിയൂർ ഗുഹ ക്ഷേത്രം

തിരുവല്ലയ്ക്കടുത്തുള്ള കവിയൂരിൽ സ്ഥിതിചെയ്യുന്ന കൂറ്റൻ പാറയിൽ കൊത്തിയെടുത്ത പുരാതന ക്ഷേത്രമാണ് കവിയൂർ ഗുഹ ക്ഷേത്രം. പല്ലവ ശൈലിയിലുള്ള വാസ്തുവിദ്യയുമായി സാമ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് പുരാവസ്തു പ്രാധാന്യമുണ്ട്. ഭക്തരെ കൂടാതെ നിരവധി ചരിത്രകാരന്മാരും യാത്രക്കാരും ഈ ശിലാഫലകങ്ങൾ കാണാനായി ഈ ക്ഷേത്രം സന്ദർശിക്കുന്നു. സംസ്ഥാനത്തിന്റെ ശില്പകലയുടെ ആദ്യകാല മാതൃകകൾ എന്ന നിലയിൽ ഈ ക്ഷേത്രത്തിന് പുരാവസ്തു പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ ശിൽപങ്ങളും കൊത്തുപണികളും നന്നായി സംരക്ഷിച്ചിരിക്കുന്നു. പുരാവസ്തു വകുപ്പ് ഈ ക്ഷേത്രത്തെ ഒരു സ്മാരകമായി സംരക്ഷിക്കുന്നു.

പാറതുരന്നുണ്ടാക്കിയ ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ ആണ് നിർമ്മിക്കപ്പെട്ടതെന്നാണ് പുരവാസ്തു ഗ‌വേഷകർ അഭിപ്രായപ്പെടുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേ‌ത്രം ഒരു ശിവ ക്ഷേത്രമാണ്. രണ്ടര അടി ഉയരത്തിലുള്ള ശിവലിംഗം ക്ഷേത്രത്തിനുള്ളിൽ കാണാം. ഏ‌ഴടി ചതുരശ്ര വിസ്‌തീർണ്ണമുള്ള ശ്രീകോവിലിൽ പത്തടി ഉയരത്തിലായി നിർ‌മ്മിച്ചിട്ടുള്ള തറയിലാണ് ഈ ശിവ ലിംഗം പ്ര‌തിഷ്ഠിച്ചിരിക്കുന്നത്.ലിംഗം പ്ര‌തിഷ്ഠിച്ചിരിക്കുന്നത്. ആറടി ഉയരത്തിൽ നിർമ്മിച്ച ഒരു കാവാ‌ടം കടന്ന് വേണം ശ്രീകോവിൽ പ്രവേശിക്കാൻ. ശ്രീകോവിലിന്റെ ചുമരുകളിൽ ശിൽപ്പവേലകളൊന്നും ചെ‌യ്തിട്ടില്ല. ശ്രീകോവിലേക്കുള്ള കാവാടത്തിന്റെ ര‌ണ്ട് ഭാഗങ്ങളിലായി ദ്വാ‌രപാലകരെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം.

പഴമയുടെ സൗന്ദര്യം ഓരോ കൽത്തരിയിലും തങ്ങിനിൽക്കുന്ന ഈ പ്രദേശത്ത് പാണ്ഡവർ ഒളിവിൽ കഴിഞ്ഞിരുന്നെന്നും ഇവിടത്തെ ഹരിതമനോഹാരിതയിൽ മയങ്ങിയ അവർ, ഇവിടെയുള്ള ഗുഹയിൽ ശിവലിംഗം പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം. കൗരവർ പാണ്ഡവരുടെ ഒളിസ്ഥലം കണ്ടെത്തിയെന്ന് മനസ്സിലാക്കിയ ഹനുമാൻ, കോഴിയുടെ രൂപത്തിലെത്തി വിവരറിയിക്കുകയും ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാതെ പാണ്ഡവർ ഇവിടെ നിന്നും പോയി എന്നുമാണ് ഐതിഹ്യത്തിൽ പറയുന്നത്.

തൃക്കാക്കുടി ഗുഹ ക്ഷേത്രം എന്ന പേരും ക്ഷേത്രത്തിനുണ്ട്. പേരിന് പിന്നിലും ചരിത്രമുണ്ട്. തിരു-കൽ-കുടി എന്ന വാക്കിൽ നിന്നാണ് തൃക്കാക്കുടി എന്ന പേരുണ്ടായത്. പവിത്രമായത് കുടികൊള്ളുന്ന കല്ല് എന്നാണ് ഇതിന്റെ അർത്ഥം. കേരളത്തിൽ സാധരണായി കാണുന്ന ക്ഷേത്ര‌ങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ക്ഷേത്രമാണ് ഈ ക്ഷേത്രം. ബലികൽപുര, ബലിവട്ടം, കൊടിമരം, നാലംബലം തുടങ്ങിയവയൊന്നും ഇവിടെ കാണാൻ കഴിയില്ല.

തിരുവല്ലയിലെ പ്രസിദ്ധമായ കവിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൻറെ സംരക്ഷണച്ചുമതല പുരാവസ്തു വകുപ്പിനാണ്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ്. 121 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.