ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചു. 2024 ഡിസംബര്‍ 12 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇപ്പോഴത്തെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമന ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ RBIയുടെ പുതിയ സാരഥി ആരാണെന്നും, അദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങളും അന്വേഷിച്ച് നിരവധിപേര്‍ ഗൂഗിളില്‍ പരതുന്നുണ്ട്. ആരാണ് സഞ്ജയ് മല്‍ഹോത്ര എന്നറിയാന്‍.
* ആരാണ് സഞ്ജയ് മല്‍ഹോത്ര ?
1990 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് നിയമനം നടത്തിയത്. ഇപ്പോഴത്തെ ഗവര്‍ണറായ ശക്തികാന്ത ദാസില്‍ നിന്ന് ചുമതല ഏറ്റുവാങ്ങുന്ന സഞ്ജയ് മല്‍ഹോത്രയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. നിലവില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യു സെക്രട്ടറിയാണ് ഇദ്ദേഹം. ഫിനാന്‍സ്, ടാക്‌സേഷന്‍, പവര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മൈനിങ് അടക്കം വിവിധ സെക്ടറുകളില്‍ 33 വര്‍ഷത്തിലധികം അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മല്‍ഹോത്ര. കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ മല്‍ഹോത്ര യു.എസിലെ പ്രിസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ച മല്‍ഹോത്ര, വിവിധ മേഖലകളിലെ നയരൂപീകരണങ്ങളിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യയിലെ ഫിനാന്‍ഷ്യല്‍ & ബാങ്കിങ് സെക്ടറുകളുടെ മേല്‍നോട്ടച്ചുമതല വഹിക്കുകയാണ്. ഈ ചുമതല വഹിക്കുന്നതിന് മുമ്പ് പൊതുമേഖലാ സ്ഥാപനമായ REC യുടെ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്ത്വത്തിന്‍ കീഴില്‍ കമ്പനി മികച്ച വളര്‍ച്ച നേടിയിരുന്നു. 2022 മുതല്‍ അദ്ദേഹം റവന്യു സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. പ്രത്യക്ഷ-പരോക്ഷ നികുതി നയ രൂപീകരണങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ മല്‍ഹോത്ര നല്‍കുകയുണ്ടായി.
നികുതി കളക്ഷന്‍ കാര്യക്ഷമമാക്കാനും, അതിലൂടെ രാജ്യത്തിന്റെ തന്നെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഹായിച്ചു. ജി.എസ്.ടി കൗണ്‍സിലിന്റെ എക്‌സ്-ഓഫീഷ്യോ സെക്രട്ടറിയായും മല്‍ഹോത്ര ചുമതല വഹിച്ചിട്ടുണ്ട്. ഈ ബോഡിയാണ് രാജ്യത്തെ ഗുഡ്‌സ് & സര്‍വീസസ് ടാക്‌സിന്റെ ചട്ടക്കൂട് മാനേജ് ചെയ്തത്. ചില സമയങ്ങളില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ തര്‍ക്കങ്ങളിലേക്ക് പോയപ്പോഴും, ദേശീയ നികുതി ഘടനയുടെ സുതാര്യത നിലനിര്‍ത്തിക്കൊണ്ടു തന്നെ ബാലന്‍സിങ് ആയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചു. നികുതിക്ക് പുറമെ, സര്‍ക്കാരിന്റെ നികുതിയിതര വരുമാനങ്ങളായ വായ്പാ പലിശ, പൊതുമേഖലാ യൂണിറ്റുകളുടെ ലാഭവിഹിതം, സര്‍വീസ് ഫീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും അദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.
അടുത്തിടെയായി താഴ്ന്നു നില്‍ക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചുയുടെ ഗതിവേഗം വര്‍ധിപ്പിക്കുക, പണപ്പെരുപ്പത്തെ പിടിച്ചു കെട്ടുക എന്നിങ്ങനെ വലിയ വെല്ലുവിളികളാണ് മല്‍ഹോത്രയെ കാത്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അനുഭവ സമ്പത്ത് നയരൂപീകരണങ്ങളില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ശക്തികാന്ത ദാസിന് മൂന്നാമൂഴം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സഞ്ജയ് മല്‍ഹോത്രയെ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം കൈകാര്യം ചെയ്തുവരികയായിരുന്ന ശക്തികാന്ത ദാസ് രാജ്യത്ത് ഏറ്റവുമധികം കാലം ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം വഹിച്ച രണ്ടാമത്തെ വ്യക്തിയാണ്.
ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐ ഗവര്‍ണര്‍ പദവി അലങ്കരിച്ചത് ബിആര്‍ റാവു ആണ്. ഏഴര വര്‍ഷമായിരുന്നു ബിആര്‍ റാവു പദവിയില്‍ തുടര്‍ന്നത്. ഇതിനിടയില്‍, മല്‍ഹോത്ര യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (UNIDO) പ്രോജക്ട് കോര്‍ഡിനേറ്ററായും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള വിദേശ പോസ്റ്റിംഗില്‍ പ്രവര്‍ത്തിച്ചു. 2000 നും 2003 നും ഇടയില്‍ അദ്ദേഹം ബഹിരാകാശ സഹമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായും സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.
* പടിയിറങ്ങുന്ന ശക്തികാന്ത ദാസ് ?
2018 ഡിസംബര്‍ 12നാണ് ആര്‍.ബി.ഐയുടെ 25-ാമത് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റത്. മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ആര്‍.ബി.ഐ ഗവര്‍ണറായി ചുമതല വഹിച്ചവരില്‍ ഒരാളാണ് ശക്തികാന്ത ദാസ്. കോവിഡ് മഹാമാരിയടക്കം രാജ്യം നേരിട്ട നിരവധി പ്രതിസന്ധികളെ കരുത്തോടെ നേരിട്ട ചാരിതാര്‍ത്ഥ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ ശക്തികാന്ത ദാസിന്റെ പടിയിറക്കം. 2018ല്‍ ഉര്‍ജിത് പട്ടേലിന്റെ പിന്‍ഗാമിയായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തി.
മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീടിത് നീട്ടി നല്‍കി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ഗവര്‍ണര്‍ സ്ഥാനത്തിരുന്ന രണ്ടാമത്തെ വ്യക്തിയുമായി. ഭുവനേശ്വര്‍ സ്വദേശിയായ ശക്തികാന്ത ദാസ് 1980ലെ തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. രാജ്യം കോവിഡ് മഹാമാരിയുടെ നാളുകളിലൂടെ കടന്നു പോയപ്പോള്‍ സമ്പദ് വ്യസ്ഥയെ ഉത്തേജിപ്പിക്കാന്‍ 1.15 ശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത് ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ്. ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം പകരാനായി വായ്പാ മോറട്ടോറിയങ്ങളും നടപ്പാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വലിയ പരിക്കേല്‍പ്പിക്കാതിരിക്കാന്‍ ഈ നടപടികള്‍ പ്രയോജനപ്പെട്ടു.
ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ ഗണ്യമായ കുറവു വരുത്തുന്നതിലും ശക്തികാന്ത ദാസ് വിജയം കണ്ടു. 2018 സെപ്റ്റബറില്‍ 10.8 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 2024 ആയപ്പോള്‍ 2.8 ശതമാനത്തോളം കുറഞ്ഞു. ഡിജിറ്റല്‍ പണമിടപാടിന്റെ വളര്‍ച്ചയിലൂടെ ഫിന്‍ടെക് മേഖലയില്‍ ഇന്ത്യയെ ആഗോള തലത്തില്‍ മുന്നിലെത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) നടപ്പാക്കിയതും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചതും ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിയുടെ അടിത്തറ ശക്തമാക്കി.
മെരുക്കാനാകാതെ പണപ്പെരുപ്പം.
പണപ്പെരുപ്പം മാത്രമാണ് ശക്തികാന്ത ദാസിനു മുന്നില്‍ നേടാനാകാത്ത ലക്ഷ്യമായി അവശേഷിക്കുന്നത്. ഉപയോക്തൃവിലപ്പെരുപ്പം (Consumer Price Index /CPI) ശക്തികാന്ത ദാസിന്റെ കാലയളവില്‍ പലതവണ റിസര്‍വ് ബാങ്കിന്റെ ആശ്വാസ പരിധി മറികടന്നു. 2024 ഒക്ടോബറില്‍ ഇത് 6.2 ശതമാനമെന്ന ഉയര്‍ന്ന നിലയിലുമെത്തി. പണപ്പെരുപ്പത്തിന് കാരണം ഘടനാപരവും വിതരണ ശൃംഖലയിലെ വിഷയങ്ങളുമാണെന്ന് ദാസ് ഊന്നി പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍ ഒരു കളങ്കമായി ഇത് അവശേഷിക്കും. ശക്തികാന്ത ദാസിന്റെ റിസര്‍വ് ബാങ്കിലെ ആറു വര്‍ഷ കാലാവധി വിജയപ്രദമായിരുന്നുവെന്ന് പറയുമ്പോഴും അവസാന നാളുകളില്‍ സര്‍ക്കാരുമായി ചില അഭിപ്രായ വ്യത്യാസങ്ങളോടെയാണ് വിരമിക്കല്‍.
വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് പലിശനിരക്ക് കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ് ഒരു പ്രധാന പ്രശ്നം. ഉയര്‍ന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ദാസ് തന്റെ അവസാന ധനനയ അവലോകനത്തിലും റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്തി, ഹ്രസ്വകാല സാമ്പത്തിക വളര്‍ച്ചയേക്കാള്‍ പണപ്പെരുപ്പ നിയന്ത്രണത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഇത് സര്‍ക്കാരിന് അദ്ദേഹം അനഭിമതനാകുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിച്ചു. എന്നാല്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ പുതിയതല്ല. മുന്‍ഗവര്‍ണര്‍മാരായ രഘുറാം രാജന്‍, വൈ.വി റെഡ്ഡി എന്നിവരും സമാനമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ദാസിന്റെ നയതന്ത്രപരവും ദൃഢവുമായ സമീപനം റിസര്‍വ് ബാങ്ക് അതിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നുവെന്ന് ഉറപ്പുനല്‍കുന്നതായിരുന്നു. അതേസമയം സാധ്യമായിടത്തെല്ലാം സര്‍ക്കാരിന്റെ ആശങ്കകളെ അഭിസംബോധന ചെയ്യാനും ദാസ് ശ്രമിച്ചു.
വളര്‍ച്ചയെ ഉത്തേജിപ്പിക്കുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക സ്ഥിരത സംരക്ഷിക്കുക എന്നിങ്ങനെ പരസ്പരവിരുദ്ധമായ മുന്‍ഗണനകള്‍ തമ്മിലുള്ള സന്തുലിതമായ പ്രവര്‍ത്തനമായി ദാസിന്റെ നേതൃത്വത്തെ സംഗ്രഹിക്കാം. വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണം നിലനിറുത്താനുള്ള ശ്രമങ്ങളും ദാസിന്റെ നടപടികളില്‍ കാണാനാകും. അതുകൊണ്ട് തന്നെ ദാസ് റിസര്‍വ് ബാങ്കിനോട് വിടപറയുമ്പോള്‍, അദ്ദേഹത്തിന്റെ കാലയളവ് പിന്‍ഗാമികള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്. ആഗോള ആഘാതങ്ങള്‍ക്കിടയിലും അസാധാരണമായ കാലഘട്ടത്തെ ഒരുമിച്ച് നേടാനായതില്‍ ടീമംഗങ്ങള്‍ക്ക് മുഴുവന്‍ നന്ദി അര്‍പ്പിച്ചുകൊണ്ടാണ് ശക്തികാന്തദാസ് പടിയിറങ്ങിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി അറിയിച്ചു.
പണപ്പെരുപ്പവും വളര്‍ച്ചാ സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കുക എന്നതാണ് കേന്ദ്ര ബാങ്കിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യമെന്ന് ഇന്ന് നടത്തിയ അവസാന പത്രസമ്മേളനത്തില്‍ ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തികമായ ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതു കൂടാതെ സി.ബി.സി.യു, യു.എല്‍.ഐ പദ്ധതികളെ പുതിയ ഗവര്‍ണര്‍ മുന്നോട്ടു കൊണ്ടു പോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. നിരവധി അംഗീകാരങ്ങള്‍ പ്രവര്‍ത്തനമികവിന് അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങള്‍ ശക്തികാന്ത ദാസിനെ തേടിയെത്തിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ദ ബാങ്കര്‍ മാഗസിന്‍ 2020 ലെ ‘ഏഷ്യ പസഫിക് സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുത്തു. 2023ല്‍ ഫിനാന്‍ഷ്യല്‍ ജേണലായ സെന്‍ട്രല്‍ ബാങ്കിംഗ് ‘ഗവര്‍ണര്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുത്തതും ഇദ്ദേഹത്തെയായിരുന്നു. 2023-2024 വര്‍ഷങ്ങളില്‍ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡ്സ് ശക്തകാന്ത ദാസിന് എപ്ലസ് ഗ്രേഡിംഗ് നല്‍കി. ലോകത്തിലെ മികച്ച മൂന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരാണ് ഈ പട്ടികയിലുള്‍പ്പെടുക.
ആര്‍ബിഐയിലെ സഹപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് വിരമിക്കുന്ന ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐ ടീമിന് നന്ദിയെന്നും അഭൂതപൂര്‍വമായ ആഗോള ആഘാതങ്ങളുടെ അസാധാരണമായ ഒരു കാലഘട്ടം ഒരുമിച്ച് വിജയകരമായി മറികടക്കാന്‍ സാധിച്ചെന്നും ശക്തികാന്ത ദാസ് കുറിച്ചു. വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും സ്ഥാപനമെന്ന നിലയില്‍ ആര്‍ബിഐ ഇനിയും ഉയരത്തില്‍ വളരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ശക്തികാന്ത ദാസ് ഇന്ന് വിരമിക്കുകയാണ്. ഉര്‍ജിത് പട്ടേലിന്റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്ന് 2018 ഡിസംബര്‍ 12 നാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത്. തന്റെ വിടവാങ്ങലില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുള്‍പ്പെടെ എല്ലാ ആളുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
CONTENT HIGHLIGHTS;New Governor for Reserve Bank of India: Who is Sanjay Malhotra?; Demotion of Shaktikanta Das?