ആദിമ മനുഷ്യർ അവരുടെ സ്വപ്‌നങ്ങളെ എങ്ങനെ ആയിരിക്കും വിശകലനം ചെയ്തിട്ടുണ്ടാവുക, അവർ എങ്ങനെ ആയിരിക്കും ആശയവിനിമയം നടത്തിയിട്ടുണ്ടാവുക,ആദ്യമായി എന്നാണ് മനുഷ്യൻ ചിത്രങ്ങൾ വരച്ചു തുടങ്ങിയത്. അതിനായി അവർക്കുണ്ടായ പ്രേരണ എന്തായിരിക്കും?
ഇതൊക്കെ
നമ്മെ ഇപ്പോളും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. ആ അതിശയങ്ങൾ
നേരിട്ട് കാണാനുള്ള ഒരു അവസരമാണ് മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന
ഭിംബംറ്റുക റോക്‌ഷെൽട്ടറിലേക്കുള്ള യാത്ര.
ഭോപ്പാൽ സിറ്റിയിൽ നിന്നും ഏകദേശം 45km ദൂരമുണ്ട് ഭിംബംറ്റുകയിലേക്ക്. ആദ്യ യാത്ര ഭിംബംറ്റുകയിലേക്കാണ്, ഉച്ച ആകുമ്പോളേക്കും ഭോപ്പൽ തിരിച്ചെത്തി Sanchi കൂടി പോകാനാണ് എന്റെ പ്ലാൻ.
ഭോപ്പാൽ നിന്ന് ഭിംബംറ്റുക വഴി പോകുന്ന ബസുകളുണ്ട്. ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് നമുക്ക് അവിടെ എത്തിച്ചേരാം. അവിടെ പ്രത്യേകിച്ച് ഒരു ബസ് സ്റ്റോപ്പ് ഒന്നുമില്ല. ഒരു നാഷണൽ ഹൈവേയുടെ അരികിലായി ബസ് നിർത്തി, ഞാൻ അവിടെ ഇറങ്ങി ചുറ്റിനും നോക്കി. ടൂറിസ്റ്റുകൾ വന്നു പോകുന്നതിന്റെതായിട്ടുള്ള ആളും അനക്കവും ഒന്നുമില്ല. റോഡ് ക്രോസ്സ് ചെയ്ത് മറുവശത്ത് എത്തിയപ്പോൾ UNESCO World heritage site ന്റെ ഒരു ബോർഡ് കണ്ടു. അതിൽ കാണിച്ചിരിക്കുന്ന വഴി മുന്നോട്ട് നീങ്ങി. ഇവിടെ ഓട്ടോ ടാക്സി സർവീസ് ഒന്നും ലഭ്യമല്ല. പൊതുവെ ആളുകൾ സ്വകാര്യ വാഹനങ്ങൾ ബുക്ക് ചെയ്താണ് വരാറുള്ളത്.
നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഭിംബംറ്റുക റോക്‌ഷെൽട്ടർ ഗേറ്റിന്റെ അടുത്ത് വരെ.
ഞാൻ മുന്നോട്ട് നടന്നു. ഒരു കിലോമീറ്റർ കഴിയുമ്പോൾ ഒരു ചെക്ക് പോസ്റ്റ് കാണാം. അവിടെ നിന്നും നമ്മൾ എൻട്രി പാസ്സ് എടുക്കണം. ഒരു കാടിനുള്ളിലാണ് ഭീംബട്കഗുഹകൾ സ്ഥിതി ചെയ്യുന്നത്,
വന്യ മൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാൻ സാധ്യത ഉള്ളത് കൊണ്ട് ചെക്ക് പോസ്റ്റിൽ നിന്ന് മുന്നിലേക്ക് നടന്ന് പോകാൻ അനുവാദമില്ല. സ്വന്തമായി വാഹനം ഇല്ലാതിരുന്നത് കൊണ്ട് ഞാൻ ഇനി എന്ത് ചെയ്യുമെന്ന് കരുതി നിൽക്കുമ്പോളാണ് അവിടുത്തെ ഒരു ഗാർഡ് അദ്ദേഹത്തിന്റെ ടൂ വീലർ എനിക്ക് നൽകാമെന്ന് പറയുന്നത്. ഇരുന്നൂറ് രൂപ അയാൾക്ക് നൽകി ഞാൻ അവിടെ നിന്നും ചെക്ക് പോസ്റ്റ് പ്രവേശിച്ചു.
മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭീംബെത്ക റോക്ക് ഷെൽട്ടറുകൾ, മനുഷ്യരുടെ ആദ്യകാല ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും തെളിവുകൾ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സൈറ്റുകളിൽ ഒന്നാണ്. ഈ ഷെൽട്ടറുകളെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഇന്ത്യയിലെ ചരിത്രാതീത കാലഘട്ടം എങ്ങനെ ആയിരുന്നു എന്ന് മനസ്സിലാക്കുന്നതിന്
ഇവിടുത്തെ കാഴ്ചകൾ നമ്മെ സഹായിക്കുന്നു.
പാലിയോലിത്തിക്ക് കാലഘട്ടം (ഏകദേശം 100,000 വർഷങ്ങൾക്ക് മുമ്പ്) മുതൽ മധ്യശിലായുഗവും പിന്നീടുള്ള കാലഘട്ടങ്ങളും വരെ തുടർച്ചയായ മനുഷ്യവാസത്തിൻ്റെ തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
മനുഷ്യൻ്റെ ക്രിയേറ്റിവിറ്റിയുടെ ആദ്യകാല ഉദാഹരണമായി കണക്കാക്കപ്പെടുന്ന ശിലാചിത്രങ്ങൾക്ക് പേരുകേട്ടതാണ് ഭീംബെത്ക ഗുഹകൾ. ഈ പെയിൻ്റിംഗുകൾ
സ്വാഭാവികമായി പ്രകൃതിയിൽ നിന്നും കണ്ടെത്തിത്ത ചായ കൂട്ടുകൾ കൊണ്ട് വരച്ചതാണ്. ചിത്രങ്ങൾക്ക് ഏകദേശം പതിനായിരം മുതൽ മുപ്പതിനായിരം വർഷത്തെ പഴക്കമുണ്ട്. വേട്ടയാടൽ, നൃത്തം, ആചാരങ്ങൾ, ദൈനംദിന ജീവിതം എന്നിവയുടെ രംഗങ്ങൾ അവർ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇത്രയും കാലം കഴിഞ്ഞിട്ടും ഇതൊക്കെയും മായാതെ നിൽക്കുന്നു എന്നുള്ളത് നമ്മെ അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്.
ഈ ചിത്രങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. വേട്ടക്കാരിൽ നിന്ന് സ്ഥിരതയുള്ള സമൂഹങ്ങളിലേക്കുള്ള മാറ്റം ചിത്രങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാം.
ആദ്യകാല മനുഷ്യരുടെ ഉപകരണങ്ങൾ, പാർപ്പിടങ്ങൾ, പ്രകൃതിയുമായുള്ള ഇടപെടലുകൾ എന്നിവയുൾപ്പെടെയുള്ള അവരുടെ സാമൂഹിക, സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ സൈറ്റ് നമുക്ക് നൽകുന്നു.
പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്നവരുടെ ആളുകളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ , വന്യമൃഗങ്ങളുമായി സഹകരിച്ച് ഇത്രയും കൊടും വനത്തിൽ അവർ എങ്ങനെ അതിജീവിച്ചുവെന്നത് നമ്മെ അത്ഭുതപ്പെടുത്തും.
റോക്ക് ആർട്ടിൽ പലതും അവർ വേട്ടയാടിയ മൃഗങ്ങളെയാണ് ചിത്രീകരിച്ചിരുന്നത്. ചില മൃഗങ്ങളുടെ രൂപങ്ങളും അക്രമണ രീതികളും നമുക്ക് വിചിത്രമായി തോന്നാം. ചിലതൊക്കെ അവരുടെ സ്വപ്‌നങ്ങളിൽ കണ്ട കാഴ്ചകളെ
വീണ്ടും ചിത്രങ്ങളായി സൃഷ്ടിച്ചതാകാം.
ഭീംബേട്കയിൽ കാണപ്പെടുന്ന കലാസൃഷ്ടികൾ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെ കൂടുതൽ പ്രതിഫലിപ്പിക്കുന്നു. മനുഷ്യരൂപങ്ങൾക്കൊപ്പം മൃഗങ്ങളുടെ ചിത്രീകരണം ഭക്ഷണത്തിൻ്റെ ഉറവിടം മാത്രമല്ല, ചുറ്റുമുള്ള വന്യജീവികളുമായുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധത്തെ കൂടി സൂചിപ്പിക്കുന്നു.
മനുഷ്യരും മൃഗങ്ങളും ഇടപഴകി ജീവിച്ചിരുന്ന കാലത്തിന്റെ തെളിവുകളാണ് ഓരോ ചിത്രങ്ങളും.
അവരുടെ ആചാരങ്ങളും സാംസ്കാരിക രീതികളും പ്രകൃതിയുമായുള്ള അവരുടെ ഇടപെടലിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്.
അവർ വേട്ടയാടിയ മൃഗങ്ങളുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനോ വിജയകരമായ വേട്ടയ്ക്കായി പ്രകൃതിയുടെ പ്രീതി തേടുന്നതിനോ ചടങ്ങുകൾ നടത്തിയിരിക്കാം. പുരാതന ആളുകൾ അവരുടെ കലയിൽ മൃഗങ്ങളെ ചിത്രീകരിച്ച രീതിയിൽ ഈ ആത്മീയ ബന്ധം പലപ്പോഴും കാണപ്പെടുന്നു.
ഇന്ത്യയിലെ ചരിത്രാതീതവും ചരിത്രപരവുമായ മനുഷ്യ ജീവിതം മനസ്സിലാക്കുന്നതിന് ഭീംബെത്ക
നിർണ്ണായക പങ്കു വഹിക്കുന്നു.
പുരാവസ്തു ഗവേഷകരെയും ചരിത്രകാരന്മാരെയും ഒരുപോലെ ആകർഷിക്കുന്ന ഈ പ്രദേശം
സഞ്ചാരികളുടെയും പ്രിയപ്പെട്ട ഒരിടമാണ്.