മയക്കുമരുന്ന് കേസില്‍ ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ഷഫാന്റെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ഒന്നര ലക്ഷത്തോളം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. സമാനമായ എന്‍ഡിപിഎസ് കേസുകളിലും ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.
സെപ്തംബറില്‍ 481 ഗ്രാം എം.ഡി.എം.എയുമായി ഷഫാന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി പൊലീസ് കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പുപ്രകാരമാണ് ഇത്തരത്തില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കര്‍ശന നടപടി പൊലീസ് സ്വീകരിച്ചത്.
ഈ നിയമപ്രകാരം മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ വസ്തുവകകളും വാഹനങ്ങളുമടക്കം കണ്ടുകെട്ടാന്‍ പൊലീസിന് നടപടി സ്വീകരിയ്ക്കാം. മയക്കുമരുന്ന് കേസുകളില്‍ ലഹരിവസ്തുക്കളുമായി പ്രതികള്‍ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ നിരവധിയാണെങ്കിലും പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത നടപടികള്‍ അപൂര്‍വമാണ്.