റഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായി അധികാരികളുമായി ഇടപെട്ടു. ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ ലഭിച്ചതെന്ന് സുരേഷ് ഗോപി ഒരു മാധ്യമത്തിനോട് പറഞ്ഞു. ഇന്നലെ തന്നെ എംബസ്സിക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, റഷ്യയിലേക്ക് യുദ്ധത്തിനായി മനുഷ്യക്കടത്ത് സങ്കീര്‍ണ്ണമായ പ്രശ്നമാണെന്ന് നോര്‍ക്ക സിഇഒ അജിത് കൊളാശ്ശേരി പറഞ്ഞു. ഇക്കാര്യത്തില്‍ റഷ്യന്‍ എംബസ്സിയുമായി നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തൃശൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നോര്‍ക്ക സിഇഓ പ്രതികരിച്ചു.
തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശികളായ ജെയ്ന്‍, ബിനില്‍ എന്നിവരാണ് റഷ്യയില്‍ കുടുങ്ങിയത്. മനുഷ്യക്കടത്തിന് ഇരയായ ഇവര്‍ റഷ്യയില്‍ അകപ്പെട്ടിട്ട് 8 മാസം കഴിഞ്ഞു. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന് ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്.
പിന്നെയാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ന്‍, കുടുംബത്തിന് അയച്ച അവസാനത്തെ സന്ദേശം. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കണമെന്നാണ് ഇരുവരുടെയും വീട്ടുകാരുടെ അപേക്ഷ.
നാല് മാസമായി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെല്ലാം ഇരുവരുടെയും കുടുംബം അപേക്ഷ നല്കുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ നിസ്സഹായരാണെന്നാണ് പറയുന്നത്. വരും, വിഷമിക്കരുത് എന്ന ആശ്വാസ വാക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പറയുന്നു. ‘ഇനി വിളിക്കാന്‍ പറ്റില്ല അമ്മേ, റെയ്ഞ്ച് കിട്ടുമെന്ന് തോന്നുന്നില്ല’ എന്നാണ് ഒടുവില്‍ പറഞ്ഞതെന്ന് അമ്മ പറയുന്നു. എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് കുടുംബങ്ങളുടെ അപേക്ഷ.