Kerala

നിര്‍മല സീതാരാമനും ബിജെപിയും കേരളത്തോട് കാണിക്കുന്നത് ശത്രുതയാണെന്ന് എംപി അഡ്വ പി സന്തോഷ് കുമാര്‍

വിഴിഞ്ഞം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേരളത്തോടുള്ള ശത്രുതയാണെന്ന് സിപിഐ എംപി അഡ്വ പി സന്തോഷ് കുമാര്‍. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നല്‍കിയ മറുപടിയോട് പ്രതികരിക്കവെ, ഈ മറുപടി ബിജെപിയുടെ പകപോക്കലിനെയും കേരളത്തോടും സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളോടുമുള്ള അവരുടെ നിരന്തര വിദ്വേഷവും തുറന്നുകാട്ടുന്നുവെന്ന് സിപിഐ രാജ്യസഭാ നേതാവ് കൂടിയായ അഡ്വ പി സന്തോഷ് കുമാര്‍ പറഞ്ഞു.

ബിജെപിയുടെ സ്വന്തം മന്ത്രി, രാജ്യസഭയില്‍ സത്യം പറഞ്ഞതിനാല്‍ വി ജി എഫ് തിരിച്ചടയ്ക്കണം എന്ന ആവശ്യം പിന്‍വലിക്കണമെന്നും വിജിഎഫ് ഉടനടി നിരുപാധികമായും സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു. വിഴിഞ്ഞത്തിന്റെയും കേരളത്തിന്റെയും വികസനം തകര്‍ക്കാനുള്ള ഏതൊരു ശ്രമവും ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം അന്താരാഷ്ട്ര കടല്‍ വികസന പദ്ധതിക്ക് നല്‍കിയ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സംബന്ധിച്ച് സിപിഐ എംപി പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. മന്ത്രാലയം നല്‍കിയ മറുപടി പ്രകാരം വിജിഎഫ് പദ്ധതിയില്‍ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വായ്പയായിട്ടല്ല ഗ്രാന്റായാണ് വിജിഎഫ് നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 15 വര്‍ഷത്തെ കാലയളവിനുശേഷം തുറമുഖത്തിന്റെ വരുമാനത്തില്‍ നിന്ന് വിജിഎഫിന് വര്‍ഷം തോറും തിരിച്ചടയ്ക്കണമെന്ന് ധനമന്ത്രി തറപ്പിച്ചുപറഞ്ഞിരുന്നു. തിരിച്ചടവ് സംബന്ധിച്ച് യാതൊരു നിബന്ധനയുമില്ലാതെ തൂത്തുക്കുടി തുറമുഖത്തിന് വിജിഎഫ് നല്‍കി എന്നത് ശ്രദ്ധിക്കേണ്ടതാണ്. വിഴിഞ്ഞം തുറമുഖത്തോട് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ സാധാരണക്കാരുടെ വിമര്‍ശനത്തിന് വിധേയമാണ്.

കേരളത്തോടും ജനങ്ങളോടുമുള്ള ബിജെപിയുടെയും നിര്‍മല സീതാരാമന്റെയും വെറുപ്പാണ് മന്ത്രാലയം നല്‍കിയ മറുപടി തുറന്നുകാട്ടുന്നതെന്ന് പി സന്തോഷ് കുമാര്‍ പറഞ്ഞു. വിജിഎഫ് സ്‌കീമിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക തിരികെ നല്‍കണമെന്ന് അവര്‍ കത്തില്‍ പറഞ്ഞു. എന്നാല്‍ വിജിഎഫ് വായ്പയല്ല ഗ്രാന്റാണെന്ന് അവരുടെ സ്വന്തം മന്ത്രാലയം വ്യക്തമാക്കി. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് അനുശാസിക്കുന്ന ഇത്തരം വികസന പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വിജിഎഫ് ഒരു പ്രവര്‍ത്തന ഗ്രാന്റോ മൂലധന ഗ്രാന്റോ ആണ്.

ഈ സഹായത്തിന്റെ തിരിച്ചടവ് സംബന്ധിച്ച് ഒരു വ്യവസ്ഥയും ഈ നിര്‍ദ്ദേശങ്ങളില്‍ ഇല്ല. നിര്‍മല സീതാരാമനും ബിജെപിയും കേരളത്തോട് കാണിക്കുന്ന ശത്രുത പൊറുക്കാനാവില്ല. രാഷ്ട്രീയ ഭിന്നതകള്‍ ഒരിക്കലും ഒരു സംസ്ഥാനത്തേയും അവിടുത്തെ ജനങ്ങളേയും ദ്രോഹിക്കുന്നതിനും അവരോടു വിവേചനം കാണിക്കുന്നതിനും കാരണമാകരുത്.