Pothencode elderly woman murdered... Postmortem report says elderly woman was raped
പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വയോധിക പീഡനത്തിനിരയായതായാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കുകളുണ്ടായിരുന്നതയി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് വിവരം. ഭിന്നശേഷിക്കാരിയായ വയോധികയും പ്രതി പോത്തന്‍കോട് സ്വദേശി തൗഫീക്കും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇവരുടെ വീടിനടുത്തുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു.
രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് വയോധികയ്ക്കുണ്ടായിരുന്നു.ഇവര്‍ ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടിരുന്നു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ടായിരുന്നു. പിടിയിലായ പ്രതി പോക്സോ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.