നൈറ്റ് ക്ലബ്ബിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരു യുവാവ് അറസ്റ്റിലായി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു നൈറ്റ് ക്ലബ്ബിന് നേരെയാണ് യുവാവ് ബോംബെറിഞ്ഞത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വദേശിയായ സച്ചിന് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഗുരുഗ്രാം കമ്മീഷണര്‍ വികാസ് അറോറ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് എത്തിയാണ് രണ്ട് ബോംബുകള്‍ നിര്‍വീര്യമാക്കിയത്. ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ഗുരഗ്രാം പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുമാണ് അന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.15ന് ഗുരുഗ്രാമിലെ സെക്ടര്‍ 29ലുള്ള ഹ്യൂമന്‍ നൈറ്റ് ക്ലബ്ബിന് മുന്നിലെത്തിയ യുവാവ് രണ്ട് പെട്രോള്‍ ബോംബുകളാണ് എറിഞ്ഞത്. അടുത്തുള്ള മറ്റൊരു ക്ലബ്ബില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഇത് പതിഞ്ഞിട്ടുണ്ട്. ഉടനെ തന്നെ ഇയാളെ ഗുരുഗ്രാം സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടികൂടി. രണ്ട് ബോംബുകള്‍ കൂടി ഇയാളുടെ കൈവശമുണ്ടായിരുന്നു.
യുവാവ് മദ്യ ലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. നാല് ബോംബുകള്‍ ഇയാളുടെ കൈയിലുണ്ടായിരുന്നു. അവശേഷിക്കുന്ന രണ്ടെണ്ണം എറിയുന്നതിന് മുമ്പ് ഇയാളെ പിടികൂടി. ക്ലബ്ബിന് മുന്നില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിന് നാശനഷ്ടങ്ങളുണ്ട്.