വടകരയില്‍ വാഹനത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ചാണ് ആല്‍വിന്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ചില്‍നിന്നു ഭട്ട് റോഡിലേക്ക് പോകുന്ന റോഡ് വളവുകളും കയറ്റങ്ങളും ഇല്ലാതെ നേര്‍രേഖയിലാണ്. ഒരുവശത്ത് കടലായതിനാല്‍ വാഹനങ്ങളുടെ റീല്‍ എടുക്കുന്നവരുടെയും വിവാഹ ഫോട്ടോ എടുക്കുന്നവരുടെയുമൊക്കെ ഇഷ്ടസ്ഥലമാണിത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. രാവിലെയായതിനാല്‍ ആളുകള്‍ വളരെക്കുറവായിരുന്നു. പൊലീസ് സ്റ്റേഷനു സമീപം അപകടം നടന്നിട്ടും പൊലീസ് അറിയാന്‍ വൈകി. ആശുപത്രിയില്‍നിന്നാണ് പൊലീസിന് അപകട വിവരം ലഭിക്കുന്നത്. തുടര്‍ന്ന്, ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഏതു വാഹനമാണ് ഇടിച്ചതെന്നു സ്ഥിരീകരിക്കാന്‍ പൊലീസിനായില്ല.
അപകടസമയത്ത് സംഘത്തിലുണ്ടായിരുന്നവര്‍ നല്‍കിയ വിവരം അനുസരിച്ച് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ വാഹനമല്ല ഇടിച്ചതെന്നാണ് സൂചന. ഒരു വാഹനം തെലങ്കാനയിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന് കേരളത്തില്‍ ഓടുന്നതിനുള്ള എന്‍ഒസി ഇല്ലെന്നാണ് ആര്‍ടിഒയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ആല്‍വിന്റെ മൊബൈലും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളില്‍നിന്ന്, ഇടിച്ച കാര്‍ ഏതാണെന്ന് കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ പൊലീസ് തയാറായിട്ടില്ല. ദൃശ്യങ്ങളൊന്നും പുറത്തുവിട്ടിട്ടുമില്ല.
സാബിത് കല്ലിങ്കല്‍ എന്നയാളുടെയാണ് കാറുകള്‍. ആഡംബര കാറുകളുടെ ഇടപാടാണ് ഇയാള്‍ക്ക്. സ്ഥിരമായി വാഹനങ്ങളുടെയും മറ്റും റീല്‍ എടുക്കുന്ന ആളാണ് സാബിത്. ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തോളം ഫോളോവേഴ്‌സുണ്ട്. സാബിത്തിനു വേണ്ടി ആല്‍വിന്‍ സ്ഥിരമായി റീല്‍ എടുത്തു നല്‍കാറുണ്ടായിരുന്നു. വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആല്‍വിന്‍ ഗള്‍ഫിലേക്ക് പോയതും.
ഒരാഴ്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍നിന്ന് എത്തിയത്. വൃക്കരോഗത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ആല്‍വിന് ശരീരം അനങ്ങിയുള്ള ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്നുള്ള വൈദ്യപരിശോധനയ്ക്കു വേണ്ടിയാണ് ആല്‍വിന്‍ നാട്ടിലെത്തിയത്. അതിനിടെയാണ് സാബിതിന്റെ വാഹനത്തിന്റെ റീല്‍ എടുക്കാന്‍ എത്തിയത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.