ഒരുപാട് ചിരിക്കുന്നത് കരയാൻ വേണ്ടിയാ… എന്ന് ചിലർ വളരെ സാധാരണയായി പറയുന്നത് കേട്ടിട്ടുണ്ടോ. എന്നാൽ ഒരു മുന്നറിയിപ്പിൻ്റെ സ്വരത്തിൽ പറയുന്ന ഈ വാക്കുകൾക്ക് പിന്നിൽ ഒരു മനശാസ്ത്രമുണ്ട്. സന്തോഷത്തെ ഭയക്കുക അഥവ ചെറോഫോബിയ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത്തരക്കാർ ജീവിതത്തിൽ സന്തോഷമുണ്ടാകുന്ന നിമിഷങ്ങളെ സംശയത്തോടെയാകും സമീപിക്കുക. ഗ്രീക്ക് വാക്കായ ചെയ്‌റോയില്‍ നിന്നാണ് ചെറോഫോബിയയുടെ ഉത്ഭവം. ‘ഞാന്‍ സന്തോഷിക്കുന്നു’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും തരത്തിൽ സന്തോഷമുണ്ടാകുമ്പോള്‍ പിന്നാലെ ഒരു മോശമായ കാര്യം സംഭവിക്കുമെന്ന അനാവശ്യ ഭയവും ഉത്കണ്ഠയും ഉണ്ടായിരിക്കും.
നേരത്തെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നോ കുട്ടിക്കാലത്തെ എന്തെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയിരിക്കാം ഈ പേടി. ചെറുപ്പത്തിൽ വളരെ സന്തോഷിച്ചിരിക്കുന്ന സമയത്ത് വന്ന എന്തെങ്കിലും ദുരന്തങ്ങള്‍ ചെറോഫോബിയയിലേക്ക് നയിച്ചേക്കാം. പിന്നീട് എന്തെങ്കിലും സന്തോഷിക്കാനുള്ള സമയത്ത് പഴയ ഓർമ്മകൾ വരികയും പുറകേ എന്തോ മോശം വരാനിരിക്കുന്നു എന്നും ചെറോഫോബിയക്കാര്‍ വിശ്വസിക്കും.
എന്തെല്ലാമാണ് ചെറോഫോബിയയുടെ ലക്ഷണങ്ങള്‍?
സന്തോഷമുള്ള സന്ദര്‍ഭങ്ങളില്‍ സന്തോഷിച്ചല്ലോ എന്നോര്‍ത്ത് പശ്ചാത്തപിക്കുക.
തനിക്ക് സന്തോഷിക്കാന്‍ അര്‍ഹതയില്ലെന്ന് ചിന്തിക്കുക.
താന്‍ സന്തോഷിക്കുന്നത് കാരണം ഏതോ വലിയ ഓരാപത്ത് തന്നെ തേടിവരാനിരിക്കുന്നു എന്ന ഉത്കണ്ഠ.
പോസിറ്റീവായ വികാരം പ്രകടിപ്പിച്ചാല്‍ അടുത്ത നിമിഷം സങ്കടം വരുമെന്ന തോന്നല്‍.
സന്തോഷം പ്രകടിപ്പിച്ചാല്‍ സുഹൃത്തുക്കള്‍ ശത്രുക്കളാകുമോ എന്ന ഭയം.താന്‍ സ്വാര്‍ഥയാണോയെന്ന്
മറ്റുള്ളവര്‍ മുദ്രകുത്തുമോ എന്ന ആശങ്ക.
സന്തോഷിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക.
സന്തോഷകരമായ നിമിഷങ്ങളിലെ സമ്മര്‍ദവും പിരിമുറുക്കവും.
എല്ലാകാര്യങ്ങളിലും പെര്‍ഫക്ഷന്‍ ആഗ്രഹിക്കുന്നവരിലും അന്തര്‍മുഖരായിട്ടുള്ള ആളുകളിലുമാണ് ചെറോഫോബിയ വരാനുള്ള സാധ്യത കൂടുതല്‍. ഇത്തരം ഫോബിയ ഒരു മനശാസ്ത്ര വിദഗ്ധന്‍റെ സഹായത്തോടെ കൊഗ്നിറ്റീവ് ബിവേഹിയറല്‍ തെറാപ്പിയിലൂടെ മാറ്റിയെട്കാന്‍ സാധിക്കും. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ ചികിത്സ തേടുക എന്നാതാണ് പ്രധാനം.