Health

തണുപ്പുകാലമാണ്.. ശരീരത്തെ പ്രത്യേകം ശ്രദ്ധിക്കണം, ആയുര്‍വേദം പറയുന്നത്

ഡിസംബറെത്തി… തണുപ്പും മഞ്ഞും അനുഭവിച്ചുതുടങ്ങുകയാണ്. പ്രതിരോധസംവിധാനം അല്‍പം അങ്കലാപ്പിലാകുന്ന കാലമാണ് തണുപ്പുകാലം. മറ്റെല്ലാ കാലത്തേയും പോലെയല്ല തണുപ്പുകാലം. ശരീരത്തിന് പ്രത്യേക പരിഗണന ആവശ്യമുള്ള കാലമാണ്. പ്രതിരോധശേഷി പോലും ക്ഷയിക്കുന്ന കാലമായതിനാല്‍ പലവിധത്തിലുള്ള രോഗങ്ങളും വരാനുള്ള സാധ്യത കൂടി മുന്നില്‍ കാണണം. മനുഷ്യനെ ബാധിക്കുന്ന അന്‍പത് ശതമാനം രോഗങ്ങളുടെയും വരവ് ദഹനസംവിധാനത്തില്‍ നിന്നാണെന്നാണ് ആയുര്‍വേദ വിധിപ്രകാരം പറയുന്നത്. അതിനാല്‍ ദഹനവ്യവസ്ഥ ശക്തമാക്കുക എന്നതാണ് രോഗം തടയാനുള്ള ഏറ്റവും പ്രധാനകാര്യം. എല്ലാം ദഹിപ്പിക്കുന്ന അഗ്നിയായാണ് ആയുർവേദം ദഹനസംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ചില ഭക്ഷണങ്ങള്‍, രീതികള്‍ എന്നിവ ഈ അഗ്നിയെ കെടുത്തി വിഷാംശങ്ങളെ വളര്‍ത്തുന്നവയാണ്. അതിലൂടെ പലതരം രോഗങ്ങളുടെ ആക്രമണവും സ്വാഭാവികമായി തന്നെയുണ്ടാകും. ആയുര്‍വേദം പറയുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

തണുപ്പുജന്യ രോഗങ്ങൾ

അൽപ്പം ശ്രദ്ധിച്ചാൽ തണുപ്പുജന്യ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. കഫം കോപിക്കുന്നതു നിമിത്തം കഫജന്യ രോഗങ്ങളാണ് ധാരാളമായി ഉണ്ടാകുന്നതെന്ന് ആയുര്‍വേദം പറയുന്നു. കുട്ടികളിൽ ശ്വാസംമുട്ടൽ, ചുമ, ജലദോഷം, പനി എന്നിവ കൂടുന്ന കാലമാണ്. ആസ്ത്മ രോഗികൾക്ക് ഈ സമയത്ത് ബുദ്ധിമുട്ട് കൂടും.

വ്യായാമം

വ്യായാമവും എക്കാലത്തേയും പോലെ തണുപ്പുകാലത്തും പ്രധാനമാണ്. അധികം ശരീരത്തിനു ക്ഷീണം വരാത്ത രീതിയില്‍ നടത്തം, സൈക്ലിങ്, ഉള്‍പ്പെടെയുളളവ മികച്ച ആരോഗ്യം നിലനിര്‍ത്തുന്നവാണ്. കുളിക്കാനും പല്ലുതേക്കാനും കൈകഴുകാനും ചെറുചൂടുള്ള വെള്ളമാണ് ഉത്തമം. തണുപ്പിൽനിന്ന്‌ ശരീരത്തെ സംരക്ഷിക്കണം. കഫത്തെ വർധിപ്പിക്കുന്നതും കഫ പ്രധാനമായ ആഹാരം ഉപേക്ഷിക്കുന്നതുമാണ് നല്ലത്.

ദഹനം

ദഹനം ശക്തമാക്കാന്‍ ആയുര്‍വേദം ആവശ്യപ്പെടുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. നെല്ലിക്ക, ഈന്തപ്പഴം, വെണ്ണ, നെയ്യ്, ശർക്കര, തുളസി, മഞ്ഞൾ, ഇഞ്ചി, തുളസി,ചിറ്റമൃത്, കുരുമുളക്, ഇരട്ടിമധുരം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയെല്ലാം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയാണ്. ദഹനവ്യവസ്ഥയെ ശക്തമാക്കാനും ശ്വാസകോശ പ്രശ്നങ്ങൾ പരിഹരിക്കാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ഇവ സഹായിക്കും.

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ

പഞ്ചകർമ തെറാപ്പിയുടെ ഭാഗമായ നസ്യതെറാപ്പിയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ആയുര്‍വേദം നിർദേശിക്കുന്നവയാണ്. വെറും വയറ്റിൽ, കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് നസ്യം ചെയ്യേണ്ടത്. കിടന്ന് കൊണ്ട് തല പിന്നാക്കം വച്ച് മൂക്കിലേക്ക് നാലഞ്ച് തുള്ളി വെളിച്ചെണ്ണ ഇറ്റിക്കണം. എള്ളെണ്ണയും നെയ്യും വെളിച്ചെണ്ണയ്ക്ക് പകരം വേണമെങ്കിൽ ഉപയോഗിക്കാം. വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് വായ കുലുക്കികഴുകുന്ന ഓയിൽ പുള്ളിങ് തെറാപ്പി വായിലെ ഹാനികരമായ ബാക്ടീരിയകളെയും മറ്റ് അണുക്കളെയും നശിപ്പിക്കുന്നു. ഇതും ആയുർവേദ വിധിപ്രകാരം പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്നു.