കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാലയില്‍ ആരംഭിക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 21ന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ടി സിദ്ധിഖ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ കെ എം സച്ചിന്‍ദേവ് എംഎല്‍എ, ഇ കെ വിജയൻ എംഎല്‍എ എന്നിവര്‍ മുഖ്യാഥിതികളാകും.
കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെ സ്റ്റാളുകളാണ് ഒരുക്കുന്നത്. പക്ഷിമൃഗാദികളുടെ ലൈവ് പ്രദര്‍ശനവും വിവിധ എക്സ്പോകളും നടത്തുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. കന്നുകാലി, ക്ഷീര കാർഷിക മേഖലയുടെ സാധ്യതകൾ, വെല്ലുവിളികൾ, ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവി ആക്രമണം തടയുന്നതിനുള്ള സാധ്യതകൾ, ക്ഷീര കാർഷിക മേഖലയിലുൾപ്പടെയുള്ള സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ സെമിനാറുകൾ നയിക്കും.
പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മാംസം തുടങ്ങിയ മൂല്യ വര്‍ധിത വസ്തുക്കളുടെ ഉല്‍പാദനക്ഷമതയും വികാസവും ഉറപ്പുവരുത്തുക, കന്നുകാലി- മൃഗ പരിപാലന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആവിശ്യമായ സഹായങ്ങള്‍ നല്‍കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക എന്നിവയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് കന്നുകാലി സംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്കും പ്രതിവിധികള്‍ക്കുമായി തത്സമയ കണ്‍സല്‍ട്ടന്‍സി സൗകര്യവും കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. കോണ്‍ക്ലേവ് ഈ മാസം 29ന് സമാപിക്കും.
Photo Caption; ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കേരള വെറ്ററിനറി സര്‍വകലാശാല ഓൺട്രപ്രനർഷിപ്പ് ഡയറക്ടർ ഡോ. ടി എസ് രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു. ഡോ. റോജൻ പി എം, ഡോ. സബിൻ ജോർജ്, ഡോ. ജി ആർ ജയദേവൻ എന്നിവർ സമീപം.