കൊട്ടാരക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി.
കൊട്ടാരക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി സംസ്ഥാനസർക്കാർ 5 ഏക്കർ ഭൂമി കണ്ടെത്തി അനുവദിച്ചെങ്കിലും സ്ഥിരം കെട്ടിടത്തിന് ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾ സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. നിലവിൽ ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുവാൻ സജ്ജമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ എത്രയും വേഗം കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് എംപി അഭ്യർത്ഥിച്ചു.
അടുത്ത അധ്യായനവർഷത്തിൽ തന്നെ താൽക്കാലിക സംവിധാനത്തിൽ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിക്കുവാൻ ഉള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ചിട്ടുള്ള നിർദ്ദേശം കേന്ദ്രീയ വിദ്യാലയം സംഗതൻ കമ്മീഷണർക്ക് നൽകണമെന്നും മന്ത്രിയോട് എംപി ആവശ്യപ്പെട്ടു. താൽക്കാലിക കെട്ടിടം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തരമായി യോഗം വിളിച്ചു ചേർക്കണമെന്ന് നേരത്തെ എംപി കത്ത് നൽകിയിരുന്നു.
ഏറ്റവുമടുത്ത ദിവസം തന്നെ കേന്ദ്രീയ വിദ്യാലയം സംഗതൻ ഡെപ്യൂട്ടി കമ്മീഷണറോട് ഒപ്പം സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് വേഗം കൂട്ടുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.