തീർത്ഥാടകരുടെയും യാത്രക്കാരുടെയും നിരന്തര അഭ്യർത്ഥന മാനിച്ച് താൻ നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി സെക്കന്തരാബാദിൽ നിന്നും കൊല്ലത്തേക്ക് ശബരിമല സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ഡിസംബർ 19, 26 തീയതികളിൽ സെക്കന്ദരാബാദിൽ നിന്ന് കൊല്ലത്തേക്ക് യാത്രതിരിക്കുന്ന ട്രെയിൻ 21,28 തീയതികളിൽ കൊല്ലത്തു നിന്നും സെക്കന്തരാബാദിലേക്ക് തിരികെ പോകും. സെക്കൻഡ് എസി, തേർഡ് എ സി,സ്ലീപ്പർ ക്ലാസ്, ജനറൽ കോച്ചുകൾ അടങ്ങുന്നതാണ് സ്പെഷ്യൽ ട്രെയിൻ. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കുമെന്നുള്ള ഉറപ്പ് റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുള്ളതായി എംപി പറഞ്ഞു.
പുനലൂർ ചെങ്കോട്ട വഴി ശബരിമല സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കൊടുക്കുന്നതിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ നേരിൽ സന്ദർശിച്ചിരുന്നു.
പാതയിലെ വൈദ്യുതീകരണം പൂർത്തിയായ നിലയ്ക്ക് കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് തുടങ്ങുവാനുള്ള പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ടെന്നും റേക്കുകൾ ലഭ്യമാകുന്ന മുറക്ക് മുൻപ് ഉണ്ടായിരുന്നതും നിലവിൽ സർവീസ് ഇല്ലാത്തതുമായ ട്രെയിനുകൾ സർവീസ് ആരംഭിക്കും എന്നാണ് കരുതുന്നതെന്നും ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾ കൊല്ലത്തേക്ക് നീട്ടണമെന്ന് ആവശ്യവും കേന്ദ്ര റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ് ചെയർമാനോടും ഉന്നയിച്ചിട്ടുണ്ട് എന്നും എംപി കൂട്ടിച്ചേർത്തു.