അങ്ങനെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷം തോല്‍വി സമ്മതിച്ച് തലകുനിച്ചിരിക്കുകയാണ്. ഇനി കാത്തിരിക്കുന്നത്, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഇത്തവണ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. വോട്ടര്‍മാര്‍ മഷി പതിപ്പിച്ചത് നടുവിരലിലാണ്. ഇഠതു കൈയ്യിലെ നടുവിരലില്‍. അടുത്തടുത്തായി ഉഫതെരഞ്ഞെടുപ്പുകള്‍ നടന്നതു കൊണ്ടാണ് ചൂണ്ടു വിരല്‍ വിട്ട് നടു വിരല്‍ മഷി പുരട്ടാന്‍ ഉപയോഗിച്ചത്. പ്രത്യേകതകള്‍ കൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ട ലോക്‌സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളുമാണ് കേരളത്തില്‍ നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റും യു.ഡി.എഫിനു കിട്ടിയിരുന്നു.
ആലത്തൂര്‍ മാത്രമാണ് സി.പി.എമ്മിനൊപ്പം നിന്നത്. ചരിത്രം സൃഷ്ടിച്ച് തൃശൂര്‍ ഇങ്ങെടുത്തു സുരേഷ്‌ഗോപിയിലൂടെ ബി.ജെ.പി അക്കൗണ്ട് തുറക്കുകയും ചെയ്തു. തുടര്‍ന്നാണ് പാലക്കാടും ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ചേലക്കരയില്‍ ഇടതുപക്ഷവും, പാലക്കാടും വയനാടും യു.ഡി.എഫും വിജയിച്ചു. ഇതിനു ശേഷമാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പു നടന്നത്. ലോക്‌സഭാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നടന്ന തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ നേരത്തെ വോട്ടു ചെയ്തവരുടെ കൈകളില്‍ മഷി മാഞ്ഞിട്ടുണ്ടാകില്ല. ഇക്കാരണം കൊണ്ടാണ് നടുവിരലില്‍ മഷി പുരട്ടാന്‍ തീരുമാനമെടുത്തത്.
അങ്ങനെ സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചന്‍പാറ അടക്കം മൂന്ന് പഞ്ചായത്തുകള്‍ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാര്‍ഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാല്‍ മാടായി പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇതുവരെ ഫലം വന്ന 29 വാര്‍ഡില്‍ 15 ഇടത്ത് യു.ഡി.എഫും. എല്‍.ഡി.എഫ് 11 ഇടത്ത്. മൂന്ന് വാര്‍ഡില്‍ ബി.ജെ.പിയെന്നാണ് സീറ്റ് നില.
തൃശൂര്‍ നാട്ടികയില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡിലാണ് യു.ഡി.എഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. സെബി മണ്ടു മ്പാല്‍ 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ 41-ാം വാര്‍ഡില്‍ എന്‍.ഡി.എ സീറ്റ് നിലനിര്‍ത്തി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഗീതാറാണി വിജയിച്ചു.
പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പില്‍ സി.പി.എമ്മില്‍ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉള്‍പ്പെടെ യു.ഡി.എഫിന് വന്‍ നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടപ്പെടും. പതിനഞ്ചംഗ ഭരണസമിതിയില്‍ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസിലെ അലി തേക്കത്ത് 28 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു. ഇതോടെ യു.ഡി.എഫ് അംഗബലം എട്ടായി. ചാലിശ്ശേരി പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒന്‍പതാം വാര്‍ഡില്‍ കെ.സുജിത 104 വോട്ടുകള്‍ക്ക് വിജയിച്ചതോടെ ടോസിലൂടെ യു.ഡി.എഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും.
കൊടുവായൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കോളോട്ട് സി.പി.എം നിലനിര്‍ത്തി. സി.പി.എമ്മിലെ എ.മുരളീധരന്‍ 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പതിനെട്ടംഗ ഭരണസമിതിയില്‍ പന്ത്രണ്ടു പേരുടെ പിന്തുണയോടെ എല്‍.ഡി.എഫിന് ഭരണം തുടരാനാവും. കൊല്ലം ഏരൂര്‍ ഗ്രാമപഞ്ചായത്ത് 17 വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകള്‍ക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകള്‍ക്ക് വിജയിച്ചു.
തേവലക്കര 22 ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതാ സാജന്‍ വിജയിച്ചു. തേവലക്കര 22 ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു. കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി 164 വോട്ടുകള്‍ക്ക് വിജയിച്ചു. പത്തനംതിട്ട എഴുമറ്റൂര്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി റാണി ടീച്ചര്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചു. നിരണം ഏഴാം വാര്‍ഡ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തില്‍ വിജയിച്ചു.
28 വര്‍ഷമായി എല്‍ ഡി എഫിന്റെ സീറ്റായിരുന്നു ഇത്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിനി രാജീവ് വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂര്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ഡാനിയേല്‍ ജയിച്ചു. 1309 ലീഡ് സീറ്റ് നിലനിര്‍ത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. 245 വോട്ടുകള്‍ക്ക് ശരത് മോഹന്‍ സീറ്റ് നിലനിര്‍ത്തി. കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്ത് ആറാം വാര്‍ഡും പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി . സിപിഎമ്മിലെ രതീഷ് പൊരുന്നന്‍ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകളാണുളളത്.
മാടായി പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മണി പവിത്രന്‍ 234 വോട്ടിന് വിജയിച്ചു. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ.എന്‍ ദിലീപ് കുമാറാണ് വിജയിച്ചത്. പഞ്ചായത്തില്‍ ഭരണ മാറ്റത്തിന് സാധ്യതയുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്ദ്രാമോള്‍ ജിന്നി 745 വോട്ടുകള്‍ക്ക് ജയിച്ചു. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക്ക് എരുവ വിജയിച്ചു. എല്‍ഡിഎഫിന് സീറ്റ് നഷ്ടമായി. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന്റെ പഞ്ചായത്താണിത്.
മഞ്ചേരി നഗരസഭ കരുവമ്പ്രം വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ ടി ഡി മാത്യു 247 വോട്ടിന് ജയിച്ചു. പഞ്ചായത്ത് ഭരണത്തില്‍ മാറ്റമില്ല. ഈരാറ്റുപേട്ട നഗരസഭ 16 വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ റുബീന നാസര്‍ 101 വോട്ടിന് വിജയിച്ചു.
കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാര്‍ഡായ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 234 വോട്ടുകള്‍ക്കാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി കൃഷ്ണദാസന്‍ കുന്നുമ്മല്‍ വിജയിച്ചത്. മലപ്പുറം ആലങ്കോട് പഞ്ചായത്തില്‍ വാര്‍ഡ് 18 പെരുമുക്ക് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. അഖില മനോജ് ആണ് വിജയിച്ചത്.
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ല എന്ന് പറഞ്ഞിരുന്ന ഇടതുപക്ഷത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തോല്‍വി. വാര്‍ഡ് പുനര്‍ നിര്‍ണ്ണയം അടക്കമുള്ള വിഷയങ്ങളില്‍ തങ്ങള്‍ക്കനുകൂലമായി നിലപാടെടുത്തിട്ടും ഇതാണ് അവസ്ഥയെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പച്ച തൊടില്ലെന്നുറപ്പാണ്. എന്നാല്‍, തദ്ദേശ ഉപതെരഞ്ഞെടുപ്പ് വെച്ച് കേരളത്തിന്റെ മനസ്സ് അളക്കാനാവില്ലെന്ന പൊടിക്കൈയ്യാണ് സി.പി.എം വെയ്ക്കുന്നത്. അതേസമയം, സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും പാര്‍ട്ടി ഘടകങ്ങള്‍ ചചര്‍ച്ച ചെയ്യുമെന്നുറപ്പായിരിക്കുകയാണ്.
CONTENT HIGHLIGHTS; Middle finger inked voters strike back at Left: UDF captures three LDF seats in local by-elections; BJP’s advance is shocking