കേരളത്തിലെ ഏറ്റവും വലിയ ഫാഷൻ പരിപാടിയായ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന് മുന്നോടിയായുള്ള പ്രചാരണ പരിപാടികൾ കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഫ്ലാഗ് ഓഫ് ചെയ്തു. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025 ഉദ്‌ഘാടനം ചെയ്യും. അതിന് മുന്നോടിയായി ഐ.എഫ്.എഫ് എക്സ്പോയുടെ പ്രത്യേക ബ്രാൻഡിംഗ് കൊണ്ട് അലങ്കരിച്ചിട്ടുള്ള കാറുകളിൽ 55 അംഗ സംഘം കേരളത്തിലെ എല്ലാ ജില്ലകളിലും വരുംദിവസങ്ങളിൽ സന്ദർശനത്തിനെത്തും.
കേരളത്തിന്റെ ഫാഷൻ ലോകത്തെ അറിയിപ്പെടുന്ന വ്യക്തിത്വങ്ങളായ സമീർ (വെഡ്‌ലാൻഡ് വെഡിങ്സ് , ഖിദാശ് അഷ്‌റഫ് (ഗ്രാൻഡ് തേജസ്), നവാബ് ജാൻ (പ്രിൻസ് പട്ടുപാവാട), ജോൺസൻ പറവൂർ (നമ്പർ വൺ വെഡ്‌ഡിങ്), സാക്കിർ (ഫിസ), സജീർ (കസവ് കേന്ദ്ര വെഡ്‌ഡിങ്), അഷ്‌റഫ് (ചാരുത സിൽക്‌സ്), അനിൽ (സുവർണരാഗം വെഡ്‌ഡിങ്‌സ്), നൗഷാദ് (ഡ്രസ്സ് വേൾഡ്), ചിന്തൻ കെ. ഭാട്ടിയ (ജി.എച്ച്. ഏജൻസീസ്) എന്നിവർ ക്യാമ്പയിനിൻ്റെ ഭാഗമാണ്.
ഐ.എഫ്.എഫ് എക്സ്പോയുടെ സംഘാടക സമിതി അംഗങ്ങളായ സാദിഖ് (ചെയർമാൻ), സമീർ മൂപ്പൻ (കൺവീനർ), ഷാനവാസ് (ജോയിന്റ് കൺവീനർ), ഷാനിർ (വൈസ് ചെയർമാൻ), ഷഫീക് (പ്രോഗ്രാം ഡയറക്ടർ) എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ബാനറിൽ നടക്കുന്ന ഫാഷൻ എക്സ്പോയുടെ മൂന്നാം പതിപ്പാണ് ഇക്കൊല്ലം നടക്കാനിരിക്കുന്നത്. ജനുവരി 7, 8, 9 തീയതികളിൽ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി. വിദേശബ്രാൻഡുകൾ ഉൾപ്പെടെ, 130ഓളം പ്രമുഖ ഡിസൈനർ ഒരുക്കുന്ന 180 സ്റ്റാളുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.