സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം സംബന്ധിച്ച് നവംബർ 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി പുതിയ സർക്കുലർ ഇറക്കാൻ അദ്ദേഹം പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു.
എയ്ഡഡ് സ്‌കൂളുകളിൽ കോടതി ഉത്തരവ് പ്രകാരമുള്ള ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതുവരെ 2021 നവംബർ 8ന് ശേഷമുള്ള മറ്റു നിയമനങ്ങൾ ദിവസവേതന അടിസ്ഥാനത്തിൽ മാത്രമേ മാനേജ്മെന്റുകൾ നടത്താൻ പാടുള്ളൂ എന്നും അല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കി നൽകണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. ഇതിനെയാണ് മാനേജ്‌മെന്റുകൾ എതിർത്തത്. യോഗ്യതയ്ക്ക് അനുസരിച്ച് ഭിന്നശേഷിക്കാരെ കിട്ടാനില്ലാത്തതാണ് ഭിന്നശേഷി നിയമനം പൂർത്തിയാക്കുന്നതിനുള്ള പ്രധാന തടസമെന്നു മാനേജ്മെന്റുകൾ പറയുന്നു.
എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിൽ 1996 മുതൽ 3 ശതമാനവും 2016 മുതൽ 4 ശതമാനവും ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് 2021ൽ ആണ്. സംവരണ നിയമനം നടപ്പാക്കാത്ത സ്കൂളുകൾ 2021 നവംബർ 8ന് ശേഷം സ്ഥിരം തസ്തികളിൽ താൽക്കാലിക നിയമനം. മാത്രമേ നടത്താവൂവെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
STORY HIGHLIGHT: v sivankutty withdraws controversial circular