തെരുവുനായ്ക്കള്‍ ഓടിച്ചതിനെത്തുടര്‍ന്ന് സൈക്കിളില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ഫ്രണ്ട്സ് റോഡിനു സമീപം അമ്പലത്തുവീട്ടില്‍ സഗീറിന്റെ മകന് മുഹമ്മദ് അദ്നാനാണ് ഗുരുതരമായി പരിക്കേറ്റത്. ഏങ്ങണ്ടിയൂർ സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് അദ്നാൻ. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് അദ്നാനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്് കടയില്‍ പോകുന്നതിനിടെ നായ്ക്കള്‍ സൈക്കിളിനുപിന്നാലെ പാഞ്ഞുചെല്ലുകയായിരുന്നു. ഇതിനിടെയാണ് സൈക്കിളില്‍നിന്ന് വീണത്. അദ്നാന് വീണതോടെ നായ്ക്കള്‍ തിരിച്ചുപോയി. വയറ്റുവേദനകൊണ്ട് പുളഞ്ഞ കുട്ടിയെ സമീപവാസികളും വീട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് പരിസരവാസികള്‍ പറഞ്ഞു.
STORY HIGHLIGHT: student injured stray dog attack