മണ്ണിനും ഭൂമിക്കും നാശം വിതയ്ക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. മണ്ണിലിട്ടാൽ നശിക്കാതെ കാലങ്ങളോളം കിടക്കും. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമായി മാറും. കത്തിച്ചു കളയാമെന്ന് വച്ചാൽ വായു മലിനീകരണത്തിനും കാരണമാകുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് ജാപ്പനീസ് ഗവേഷകർ. മണ്ണിന് വളമാകുന്നതും കടലിൽ അലിഞ്ഞു ചേരുന്നതുമായ പ്രത്യേക പ്ലാസ്റ്റിക് ഇവർ കണ്ടെത്തി.
റൈക്കൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെ ഗവേഷകരാണ് ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് രൂപകൽപന ചെയ്തത്. വിഷരഹിത ഘടകങ്ങൾ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. സമുദ്രത്തിൽ മണിക്കൂറുകൾ കൊണ്ട് ഈ പ്ലാസ്റ്റിക് ലയിച്ച് ഇല്ലാതാകുന്നതിനാൽ സമുദ്രജീവികൾക്ക് ഭീഷണിയില്ല. ദീർഘകാല മലിനീകരണവും ഇല്ലാതാകുന്നു.
മണ്ണിലാണെങ്കിൽ 10 ദിവസത്തിനുള്ളിൽ നശിച്ച് ഇല്ലാതാകുന്നു. പ്ലാസ്റ്റിക് വിഘടിക്കുമ്പോൾ ജൈവവസ്തുക്കളായി മാറുന്നു. ഇത് മണ്ണിലെ കാർബൺ പുനഃസ്ഥാപിക്കുകയും ഫലഭൂയിഷ്ഠത വർധിപ്പിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വിഘടിക്കുന്ന സമയത്ത് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഗവേഷകർ പറയുന്നു. മെഡിക്കൽ ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളുമെല്ലാം ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ധൈര്യമായി പാക്ക് ചെയ്യാമെന്നും ഇവർ പറയുന്നു.
STORY HIGHLIGHTS: biodegradable-plastic-fertilizer-solution