Kerala

മുകേഷിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സിപിഎം – cpm kollam admits mukesh candidacy mistake

നടനും എംഎൽഎയുമായ മുകേഷിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി. പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥിയാക്കിയത് എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ പറഞ്ഞു.

മന്ത്രിസഭ പരാജയമാണെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള മന്ത്രിസഭ ഗുണം ചെയ്തില്ല. കരുനാഗപ്പള്ളിയിലെ പാർട്ടി പ്രശ്നങ്ങളിൽ സിപിഎം ജില്ലാ നേതൃത്വത്തിന് എതിരെയും വിമർശനമുണ്ടായി. പ്രശ്നങ്ങൾ രൂക്ഷമാക്കിയതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികൾ വിമർശിച്ചു. റിപോർട്ടിൽ എത്ര പേജ് എഴുതിവെച്ചാലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ജില്ലാ നേതൃത്വത്തിന് കഴിയില്ലെന്നും പ്രതിനിധികളിൽ ചിലർ പറഞ്ഞു.

സംസ്ഥാന നേതാക്കളെ പാർട്ടി ഓഫിസിൽ പൂട്ടിയിടുന്നത് ആരുടെയെങ്കിലും പിന്തുണയില്ലാതെ നടക്കുമോയെന്ന് പ്രതിനിധികൾ ചോദിച്ചു. പാർട്ടി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയവർക്കെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയർന്നു. കൊട്ടാരക്കര ഏരിയയിൽ നിന്നുള്ള പ്രതിനിധിയാണ് ഈ ചോദ്യം ഉന്നയിച്ചത്. പുനലൂർ, കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളിൽ നിന്നുള്ള പ്രതിനിധികളും വിഷയം ഉന്നയിച്ചിരുന്നു.

വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാൻ നേതൃത്വം തീരുമാനിച്ചിരുന്നു. ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടർന്നു, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുകയും നേതൃത്വത്തെ വെല്ലുവിളിച്ചു പ്രകടനം നടത്തുകയും ചെയ്തതിന്റെ പേരിലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനിച്ചത്.

STORY HIGHLIGHT: cpm kollam admits mukesh candidacy mistake