തന്റെ ജീവിത പങ്കാളിയായതുകൊണ്ട് മാത്രം വിഘ്നേഷ് വലിയ രീതിയിൽ വെറുപ്പ് അനുഭവിക്കുന്നുണ്ടെന്ന് നയൻതാര. ഭർത്താവിനേയും മക്കളേയും കുറിച്ച് ദി ഹോളിവുഡ് റിപ്പോർട്ട് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. മക്കളിൽ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെ കുറിച്ചും നടി വെളിപ്പെടുത്തി. കൂടാതെ എല്ലാ വശത്ത് നിന്നും തന്റെ കുടുംബത്തിന് നേരെ ഹേറ്റ് വരുമ്പോൾ സമാധാന ജീവിതത്തെ ബാധിക്കുന്നതായും താരം പറയുന്നു.
ഹേറ്റും വിവാദങ്ങളും വിമർശനങ്ങളും ബാധിക്കാറില്ലെന്ന് പറയാനാവില്ല. ഞങ്ങളെയും ചിലപ്പോഴൊക്കെ ബാധിക്കാറുണ്ട്. ഇക്കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ കണ്ടതും അനുഭവിച്ചതുമായ വ്യക്തിയാണ് ഞാൻ. എന്റെ പേരിനൊപ്പം തന്നെ എപ്പോഴും വിവാദങ്ങളും ഉണ്ടാകും. കിട്ടുന്ന സ്നേഹത്തിന്റെ അതേ അളവിൽ തന്നെ വെറുപ്പും ലോകത്തെല്ലായിടത്ത് നിന്നുമായി എന്നിലേക്ക് വരുന്നുണ്ട്.
പക്ഷെ അതിനൊന്നും വ്യക്തമായ കാരണമില്ല. എന്നെ സ്നേഹിക്കുന്ന ഒരു വിഭാഗം ഉള്ളതുപോലെ തന്നെ വെറുക്കുന്ന ഒരു വിഭാഗവുമുണ്ട്. ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്നതിലാണ് അവരുടെ സന്തോഷം. എന്റെ ജീവിത പങ്കാളിയായതിന്റെ പേരിൽ വിഘ്നേഷിലേക്കും ഇപ്പോൾ അത് ട്രാൻസ്ഫറാകുന്നുണ്ട്. അതിൽ എനിക്ക് എപ്പോഴും ഈ സെക്കന്റിലും കുറ്റബോധമുണ്ട്. വളരെ ദയയുള്ള വ്യക്തിയാണ് വിഘ്നേഷ്.
അദ്ദേഹത്തെ ചുറ്റിപറ്റി നിൽക്കുന്നവർക്ക് വേണ്ടി അദ്ദേഹം എപ്പോഴും നിൽക്കും. വിഘ്നേഷിന്റെ അത്രത്തോളം നല്ലൊരു വ്യക്തിയായി മാറാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ മക്കളിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒന്ന് ദയയാണ്. മക്കളോട് രാത്രി ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ പോകും മുമ്പ് അവരോട് ഞാൻ ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ട്. അവർക്ക് രണ്ട് വയസ് മാത്രമെ പ്രായമുള്ളുവെന്ന് എനിക്ക് അറിയാം.
പക്ഷെ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങളോട് നമ്മൾ സംസാരിച്ചാൽ അവരുടെ ബ്രെയിനിൽ അത് പതിയുമെന്നും പിന്നീട് അവരുടെ സ്വഭാവത്തെ അത് സ്വാധീനിക്കുമെന്നും ഡോക്ടർമാർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അവർ എല്ലാത്തരത്തിലും മിടുക്കരായി വളരുമെന്ന് എനിക്കറിയാം. പക്ഷെ അതിനേക്കാൾ എല്ലാം എനിക്ക് പ്രധാനം അവർ ദയയുള്ളവരായി വളരണം എന്നതാണെന്നും നയൻതാര പറയുന്നു.
content highlight: nayanthara-says