എത്ര പ്രാവശ്യം കഴിച്ചാലും മതിവരാത്ത ഒരു സ്നാക്ക്സ് റെസിപ്പി നോക്കിയാലോ? ഒരു സിമ്പിൾ ആൻഡ് ഡെലീഷ്യസ് മലബാർ റെസിപ്പി. സ്വാദിഷ്ടമായ കിളിക്കൂട് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ -1/4 കിലോ (ബോൺലെസ്സ്)
- ഉരുളക്കിഴങ്ങു-2
- സവാള ചെറുതായി അരിഞ്ഞത് -1
- പച്ചമുളക് ചെറുതായി അരിഞ്ഞത് -2 (optional)
- ഇഞ്ചി &വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
- കറിവേപ്പില,മല്ലിയില ചെറുതായി അരിഞ്ഞത്
- മുളകുപൊടി ,കുരുമുളകുപൊടി 1 1/2 ടീസ്പൂൺ വീതം (എരിവ് അനുസരിച്ചു)
- മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ
- മല്ലിപ്പൊടി -1 ടി സ്പൂൺ
- പെരും ജീരകം പൊടിച്ചത് -1/2 ടീസ്പൂൺ
- വെർമസിലി/ സേമിയ -1 കപ്പ്
- മുട്ട -1
- ഉപ്പ്
- എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറുതായി അരിഞ്ഞു അൽപ്പം മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് ഒന്ന് വേവിച്ചു മാറ്റിവെക്കുക. ഉരുളക്കിഴങ്ങു പുഴുങ്ങി തൊലി കളഞ്ഞു ഒന്ന് ഉടച്ചു വെക്കുക. പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക് എന്നിവ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. മല്ലിയിലയും കറിവേപ്പിലയും ചേർക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഒന്നുകൂടെ വഴറ്റാം. പൊടികൾ ചേർത്ത് ഒന്നിളക്കിയെടുത്ത ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി മിക്സ് ചെയ്തു ഒന്ന് തണുക്കാൻ വെക്കാം.
തണുത്ത ശേഷം കൈകൊണ്ടു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കാം. മുട്ട ഒരു ചെറിയ പാത്രത്തിൽ പൊട്ടിച്ചൊഴിച്ചു ഒന്ന് മിക്സ് ചെയ്തു വെക്കുക. ഓരോ ഉരുളയും മുട്ടയിൽ മുക്കി സേമിയയിൽ പൊതിഞ്ഞു വെക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി വറുത്തെടുക്കാം. എണ്ണ ചൂടായ ശേഷം ചെറിയ തീയിൽ വേണം വറുക്കാൻ. കിളിക്കൂട് റെഡി.