മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. കൂടാതെ ആരാധനാലയങ്ങളിൽ സർവേ ആവശ്യപ്പെട്ടുള്ള പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുതെന്നും കീഴ്കോടതികൾക്ക് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ട് പതിനൊന്നോളം സ്യൂട്ട് ഹർജികൾ ആണ് നിലവിൽ വിവിധ കോടതികളുടെ പരിഗണനയിൽ ഉള്ളത്. ഈ സ്യൂട്ട് ഹർജികളിൽ ഇടക്കാല ഉത്തരവോ, അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുത് എന്നാണ് സുപ്രീം കോടതി നിർദേശം. ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മഥുര, ഗ്യാൻ വാപി, സംഭാൽ തുടങ്ങി വിവിധ മുസ്ലിം പള്ളികളിൽ സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ കോടതികൾക്ക് സാധ്യമാകില്ല. ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
STORY HIGHLIGHT: supreme court stays mosque survey