സഞ്ചാരികളുടെ തിരക്ക് ഒട്ടും ഇല്ലാത്ത ഒരു കിടിലൻ സ്പോട്ടിലേക്ക് യാത്ര ചെയ്യാനാണ് ആഗ്രമെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് തൊടുപുഴയ്ക്ക് അടുത്തുള്ള ഉറവപ്പാറ. നഗരപ്രദേശത്തു തന്നെ ഏകദേശം 600 അടി ഉയരത്തിൽ ഉള്ള ഒരു പാറയുടെ മുകൾഭാഗമാണ് ഇവിടം. അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഇവിടെ സഞ്ചാരികൾക്ക് കുളിർമ നൽകുന്ന കാഴ്ച. റബ്ബർ കാടുകൾ നിറഞ്ഞ ഇടുക്കി മൂലമറ്റം ബസ് റൂട്ടിൽ ഒളമറ്റത്ത് എത്തി, വലത്തോട്ട് തിരിഞ്ഞാൽ കുന്നിൻ മുകളിലെ ക്ഷേത്രമായ ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്താം. തൊടുപുഴയിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയേറെയുള്ള ഈ മലയിലെത്താം. കാൽനടയായി വേണം പ്രദേശത്ത് എത്താൻ. വലിയൊരു കരിങ്കൽ മലയുടെ മധ്യത്തിലാണ് സുബ്രഹ്മമണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്. 2500 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഉറവപ്പാറയ്ക്ക് മുകളില്‍ നിന്ന് നോക്കിയാല്‍ ഇടതുവശത്ത് ദൂരെ തൊടുപുഴ ടൗണും വലതു വശത്ത് മലകളുമാണ്. മലമുകളിൽ എത്തിയാൽ തൊടുപുഴ നഗരം പൂർണമായും ഒറ്റ നോട്ടത്തിൽ കാണാൻ കഴിയും. ഇലവീഴപുഞ്ചിറയും, നാടുകാണിയും ഉൾപ്പെടെ ചുറ്റോട് ചുറ്റുമുള്ള മലനിരകൾ കണ്ണുകൾക്ക് ആനന്ദം പകരും. എപ്പോഴും കാറ്റ് വീശുന്ന മലമുകളിലെ നരച്ച പുല്ലുകള്‍ക്ക് പോലും ഒരു പ്രത്യേക ഭംഗിയാണ്.
ഈ സ്ഥലത്തിന് ഉറവപ്പാറ എന്ന പേര് വന്നതിന് പിന്നിൽ ഒരു കഥയുണ്ട്. മകരമാസത്തിലെ തൈപ്പൂയത്തിൻ്റെ അന്ന്, അതായത് പൗർണമിയും പൂയവും കൂടി ഒരുമിച്ചു വരുന്ന ദിവസം. ഇവിടെ ഒരു പാറയിടുക്കിൽ നിന്നും ഉറവ ഉണ്ടാകും എന്നാണ് പറയുന്നത്. എല്ലാ വർഷവും ഇങ്ങനെ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ഇവിടെ ‘ഉറവപ്പാറ’ എന്ന പേരുവന്നത്. മകര മാസത്തിലെ ഉത്സവത്തിന് ദൂരെ ദേശങ്ങളിൽ നിന്നും ആളുകൾ ഉറവപ്പാറയിൽ എത്താറുണ്ട്. ഉറവപ്പാറയുടെ മുകളിൽ ഒരു ആമ്പൽകുളമുണ്ട് . ഒരിക്കലും വറ്റാത്ത ഈ കുളം വനവാസകാലത്ത് ജലക്ഷാമം ഉണ്ടായപ്പോൾ ഭീമന്റെ കാല് പതിഞ്ഞിടത്ത് ഉണ്ടായതാണ് എന്നാണ് ഐതിഹ്യം. അടുപ്പു കല്ലു പോലുള്ള മൂന്ന് വലിയ കല്ലുകൾ കൂടി ഇവിടെ ഉണ്ട്. ഉറവപ്പാറയില്‍ മറ്റൊരിടത്തും ഇത്രയും വലിയ കല്ലുകള്‍ വേര്‍പെട്ട് കാണാനാകില്ല. അവ എങ്ങനെ ഇവിടെ എത്തി എന്നതിന് ഇതുവരെ വിശദീകരണങ്ങളില്ല. പാണ്ഡവര്‍ പാകം ചെയ്യാന്‍ കണ്ടെത്തിയ അടുപ്പാണിതെന്നാണ് ഐതീഹ്യം.
രണ്ട് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവകാലത്ത് പകലും രാത്രിയും പാറയ്ക്ക് മുകളില്‍ വിശ്വാസികളെക്കൊണ്ട് നിറയും. ആ സമയത്ത് പാറയ്ക്ക് മുകളിൽ എത്തുന്നത് പ്രത്യേക അനുഭൂതി നൽകും. എപ്പോഴും കാറ്റുള്ള ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം വൈകിട്ടാണ്. തൊടുപുഴ നഗരത്തിന്റെ ദൂര കാഴ്ച, മലനിരകൾ അങ്ങനെ ഒത്തിരി മനോഹരമായ കാഴ്ചകൾ ഇവിടെ നിന്നാൽ കാണാനാകും. ധാരാളം മലയാള സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. മകര മാസത്തിലെ പുണര്‍തം നാളിലാണ് ഇവിടുത്തെ ക്ഷേത്രത്തിലെ ഉത്സവം.