Travel

കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന നീരൊഴുക്ക് ! ജലസമൃദ്ധമായ അരുവിക്കുഴി വെള്ളച്ചാട്ടം

വെളളച്ചാട്ടം റബർക്കാടുകൾക്കിടയിൽ പ്രകൃതി കാത്തുവെച്ച വിസ്മയം, അതാണ് കോട്ടയത്തെ അരുവിക്കുഴി വെള്ളച്ചാട്ടം. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അത്ര പ്രചാരം നേടിയിട്ടില്ലാത്ത അരുവിക്കുഴി വെള്ളച്ചാട്ടം സന്ദർശകർക്കായി ഒരുക്കിവെച്ചിട്ടുളളത് മനം മയക്കുന്ന കാഴ്ചകളാണ്. ഇടതൂർന്ന പച്ചപ്പിനു നടുവിൽ ശാന്തമായൊഴുകുന്ന അരുവി മഴക്കാലത്താണ്‌ സജീവമാകുന്നത്. പാറക്കെട്ടുകൾക്കു മുകളിലൂടെ പലതട്ടുകളായി വീണൊഴുകുന്ന ജലപാതവും വൻമരങ്ങൾ തീർക്കുന്ന ശീതളിമയും ഇങ്ങോട്ടുളള നടത്തം ഹൃദ്യമായൊരനുഭവമാക്കി മാറ്റുന്നു. നൂറടി ഉയരത്തിൽ നിന്നും പതിക്കുന്ന വെളളച്ചാട്ടം കാണാൻ മനം മയക്കുന്ന ഭം​ഗിയാണ്. ടുംബത്തോടൊപ്പം വന്നുല്ലസിക്കാവുന്ന സുരക്ഷിതമായ ജലപാതമാണിവിടം. ഹൃദ്യമായ കാലാവസ്ഥയും എപ്പോഴും വീശുന്ന കുളിർമ്മയുളള കാറ്റും കോട്ടയത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി അരുവിക്കുഴി വെള്ളച്ചാട്ടത്തെ മാറ്റുന്നു.

മറ്റ് ജില്ലകളിൽ നിന്ന് അധികം ആരും അങ്ങനെ എത്താറില്ലെങ്കിലും കോട്ടയത്തുകാരുടെ വീക്കെൻഡ് ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞിരിക്കുകയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. പാറക്കെട്ടുകൾക്ക് മുകളിലൂടെ പല തട്ടുകളായി വീണൊഴുകുന്ന ജലപാതവും റബ്ബർ മരങ്ങൾ തീർക്കുന്ന തണുപ്പും നിരന്തരം വീശുന്ന കാറ്റും ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. വെള്ളച്ചാട്ടത്തിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കുവാനായി നൂറോളം പടികളാണ് ഇവിടെ ഉള്ളത്. സന്ദർശകർക്കായി മനോഹരമായ കാഴ്ചകളാണ് അരുവിക്കുഴി ഒരുക്കിവെച്ചിട്ടുള്ളത്. അരുവികൾ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്നു, 100 അടി ഉയരത്തിൽ മലനിരകളിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ വെള്ളം ഇരമ്പി വരുന്ന ശബ്ദം കാതുകൾക്ക് ഇമ്പം പകരും. റബ്ബർ തോട്ടങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ ട്രെക്കിംഗിന് അനുയോജ്യമായ സ്ഥലമാണിത്. വെള്ളച്ചാട്ടത്തിന്റെ മുകളിലാണ് പ്രസിദ്ധമായ സെന്റ് മേരീസ് പള്ളി സ്ഥിതി ചെയ്യുന്നത്. റബ്ബർ പ്ലാൻറ്റേഷൻ സെന്റർ, പള്ളിക്കത്തോട്, ഈ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ്.

മഴക്കാലമായതോടെ സജീവമാവുകയാണ് കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം. ഡി ടി പി സിയുടെ നിയന്ത്രണത്തിലാണ് ഇവിടം പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനസമയം. ഒരാൾക്ക് ഇരുപത്തിയാറു രൂപയാണ് വെള്ളച്ചാട്ടം കാണുന്നതിനുള്ള പ്രവേശനഫീസ്. അപകടങ്ങൾ തീരെയില്ലാത്ത സുരക്ഷിതമായ വെള്ളച്ചാട്ടമാണ് ഇത്. അതിനാൽ തന്നെ കുട്ടികൾക്കൊപ്പം സന്ദർശിക്കാൻ യാതൊരു പേടിയും വേണ്ട.