നവീകരണത്തിന്റെയും വികസനത്തിന്റെയും മേഖലയിലെ സംഭാവനകൾ പരിഗണിച്ച് നൽകുന്ന ‘ഡിസ്റ്റിംഗ്വിഷ്ഡ് ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം’ ഡോ. എൻ.പ്രഭിരാജിന് ലഭിച്ചു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ഡോ. എൻ.പ്രഭിരാജ്. അസാധാരണമായ നേതൃപാടവം, നൂതന കാഴ്ചപ്പാടുകൾ, വൈവിധ്യമാർന്ന മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നടന്ന ഇന്റർ ഡിസിപ്ലിനറി റിസർച്ച് ഇൻ ടെക്നോളജി & മാനേജ്മെന്റ് ഇന്റർനാഷണൽ കോൺഫ്രൻസ് വേദിയിൽ വെച്ചാണ് അവാർഡ് നൽകിയത്.
ജാദവ്പൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഭാസ്കർ ഗുപ്ത, എൻഎംഐഎംഎസ് ഡീംഡ് യൂണിവേഴ്സിറ്റി മുംബൈയിലെ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെൻ്റ് ഡീൻ ഡോ. ജസ്റ്റിൻ പോൾ, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ മുൻ പ്രൊഫസർ ജി.രമേഷ്
എന്നിവരുടെ സാന്നിധ്യത്തിൽ എൻഐടി കാലിക്കറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അവാർഡ് സമ്മാനിച്ചു. യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിങ് & മാനേജ്മെന്റ് ജയ്പൂർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് & മാനേജ്മെന്റ് കൊൽക്കത്ത, സ്മാർട്ട് സൊസൈറ്റി USA തുടങ്ങിയവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ആണ് അവാർഡ് നൽകിയത്.
കുട്ടിക്കാലം മുതൽ തന്നെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രഭിരാജ് തന്നിലെ ലീഡർഷിപ്പ് ക്വാളിറ്റി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ സർ.സോഹൻ റോയിടൊപ്പം ചേർന്ന് നിന്ന് പ്രഭിരാജിന്റെ ജന്മനാടായ പുനലൂർ ഐക്കരകോണത്ത് ബ്രാഞ്ച് സ്ഥാപിച്ച് സ്ത്രീ സശാക്തീകരണത്തിന്റെ മാതൃകാ സംരംഭമാക്കി മാറ്റി. പ്രൊഫഷണൽ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ഒപ്പം ഗ്രാമം കേന്ദ്രീകരിച്ചും വിവിധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജീവകാരുണ്യ രംഗത്തെയും വ്യവസായ മേഖലയിലെയും സമഗ്ര സംഭാവനകൾ പരിഗണിച്ച് ഹിന്ദ് രത്ന എന്ന കോർപ്പറേറ്റ് ലീഡർഷിപ്പ് അവാർഡ്, വ്യവസായ മേഖലയിലെ പ്രാഗൽഭ്യവും നേതൃത്വവും പരിഗണിച്ച് സിംഗപ്പൂർ പ്രവാസി എക്സ്പ്രസ് ബിസിനസ് എക്സലൻസ് അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഹോണററി ഡോക്ടറേറ്റ് നേടുകയും ചെയ്തിട്ടുണ്ട്.