പസിഫിക് സമുദ്രത്തിലുള്ള ഒരു ആൺ കൂനൻതിമിംഗലം (ഹംപ്ബാക്ക് വെയ്ൽ) ഒരിണയെ കണ്ടെത്താനായി സഞ്ചരിച്ചത് 13,046 കിലോമീറ്റർ. പസിഫിക് സമുദ്രത്തിൽ കൊളംബിയൻ തീരത്തിനടുത്തുനിന്നു തുടങ്ങിയ യാത്ര അവസാനിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ സാൻസിബാർ തീരത്തിനടുത്താണ്. ഇതിനിടയിൽ അറ്റ്ലാന്റിക് സമുദ്രവും കടന്നു. കൂനൻ തിമിംഗലങ്ങൾ ഇത്തരം യാത്രകൾ നടത്തുന്നതിനു പ്രശസ്തരാണെങ്കിലും ഇത്രയും ദൂരം സഞ്ചരിച്ചതിന്റെ റെക്കോർഡ് ഇതാദ്യമാണ്. അതുപോലെ തന്നെ വടക്ക് –തെക്ക് ദിശയിലാണ് ഇവയുടെ സാധാരണ യാത്ര. എന്നാൽ നമ്മുടെ കഥാനായകനായ തിമിംഗലം പടിഞ്ഞാറ്–കിഴക്ക് ദിശയിലാണ് യാത്ര നടത്തിയിരിക്കുന്നത്. ഇതു വളരെ അപൂർവമാണ്.
മെഗാപ്‌റ്റെറ നോവെംഗ്ലെിയെ എന്നറിയപ്പെടുന്ന കൂനൻ തിമിംഗലം, ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ വസിക്കുന്ന ഏറ്റവും പ്രശസ്തവും ഗംഭീരവുമായ സസ്തനികളിൽ ഒന്നാണ്. ഡോർസൽ ഫിൻ ഭാഗത്തെ വ്യത്യസ്തമായ കൊമ്പും നീളമുള്ള പെക്‌റ്റൊറൽ ഫിനുകളും കൊണ്ട് തിരിച്ചറിയാവുന്ന കൂനൻ തിമിംഗലങ്ങൾ ജലോപരിതലത്തിൽ വാലുകൾ അടിച്ചു മുന്നേറുന്നതുൾപ്പെടെയുള്ള അക്രോബാറ്റിക് ഡിസ്‌പ്ലേകൾക്ക് പേരുകേട്ടതാണ്. കൂനൻ തിമിംഗലങ്ങൾ തണുത്തതും ചൂടുള്ളതുമായ വെള്ളത്തിൽ കാണപ്പെടുന്നു, ഇവ് ഭക്ഷണത്തിനും പ്രജനനത്തിനുമായി കാലാനുസൃതമായ കുടിയേറ്റം നടത്തുന്ന ജീവികളാണ്. ഹംപ്ബാക്ക് തിമിംഗലങ്ങൾ അവയുടെ ശ്രദ്ധേയമായ ശബ്ദങ്ങൾക്ക് പേരുകേട്ടതാണ്. വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം മുതൽ ഇണചേരൽ ചടങ്ങുകളിൽ ആധിപത്യം സ്ഥാപിക്കുന്നത് വരെ ഈ ശബ്ദങ്ങളുടെ ലക്ഷ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഈ ഗാനങ്ങളുടെ ഉദ്ദേശ്യം ശാസ്ത്രീയ അന്വേഷണത്തിന്റെ വിഷയമായി തുടരുന്നു. മുതിർന്ന കൂനൻ തിമിംഗലങ്ങൾക്ക് 50 അടി വരെ നീളവും 40 ടൺ വരെ ഭാരവും ഉണ്ടാകും. പ്രാഥമികമായി ഇവ ചെറിയ മത്സ്യങ്ങളും ക്രില്ലുമാണ് കഴിക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങളിൽ കുടുങ്ങിപ്പോകൽ, യാനങ്ങളുമായി കൂട്ടിയിടിക്കൽ, പാരിസ്ഥിതിക മാറ്റങ്ങൾ തുടങ്ങിയ ഭീഷണികൾ ഇവ നേരിടുന്നുണ്ട്. ഈ സൗമ്യരായ ഭീമൻമാരെ സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂനൻ തിമിംഗലങ്ങളുടെ ക്ഷേമം സമുദ്രങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
ഭാവിയിൽ അന്യഗ്രഹജീവികൾ എങ്ങാനും നമ്മുടെ സമ്പർക്കത്തിൽ വന്നാൽ എങ്ങനെ നാം അവരോട് സംസാരിക്കുമെന്ന ഗവേഷണത്തിലും കൂനൻ തിമിംഗലങ്ങളുണ്ട്. അന്യഗ്രഹജീവികളെ കണ്ടെത്താനും അവരോട് ആശയവിനിമയം സ്ഥാപിക്കാനും ഉദ്ദേശിച്ചുള്ള ഗവേഷണ സംഘടനയാണ് സെർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്‌റലിജൻസ് അഥവാ സേറ്റി. സേറ്റി ഭാവിയിൽ ഏലിയൻസുമായി ആശയവിനിമയം നടത്തേണ്ടി വന്നാൽ അതിന്‌റെ രീതി പഠിക്കാനായി ഭൂമിയിൽ തന്നെയുള്ള ബുദ്ധികൂർമതയുള്ള മൃഗങ്ങളുമായി സംവദിക്കാൻ ഒരു പദ്ധതി നടത്തുന്നുണ്ട്. ഇതിനായി വിദ്ഗ്ധർ തിരഞ്ഞെടുത്തത് കൂനൻ തിമിംഗലത്തെയാണ്.
STORY HIGHLIGHTS: longest-whale-migration-pacific-to-indian-ocean