ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കറിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിച്ചതോടെ കലുഷിതമായി പാര്‍ലമെന്റ് സമ്മേളനം. പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ധന്‍കറും തമ്മിലുണ്ടായ വാക്പോര് കടുത്തതോടെ പാർലമെന്റ് സമ്മേളനം നിര്‍ത്തിവെച്ചു.
‘ഞാനൊരു കര്‍ഷകന്റെ മകനാണ്, ഏതുസാഹചര്യത്തിലും ഞാന്‍ തളരില്ല, അത്രയധികം ഞാന്‍ സഹിച്ചുകഴിഞ്ഞു.’ അവിശ്വാസപ്രമേയം അവതരിപ്പിച്ചതിനുപിന്നാലെ ധന്‍കര്‍ പറഞ്ഞു. ഉടൻ തന്നെ ‘നിങ്ങള്‍ കര്‍ഷകന്റെ മകനാണെങ്കില്‍ ഞാനൊരു തൊഴിലാളിയുടെ മകനാണ്.’ എന്ന് മറുപടി നൽകി ഖാര്‍ഗെ. കൂടാതെ ‘നിങ്ങളേക്കാള്‍ കൂടുതല്‍ പ്രതിബന്ധങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ നേതാക്കളെ നിങ്ങള്‍ അപമാനിക്കുകയാണ്. കോണ്‍ഗ്രസിനെ അവഹേളിക്കുകയാണ്. നിങ്ങളുടെ സ്തുതികള്‍ കേള്‍ക്കാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത് ചര്‍ച്ച ചെയ്യാനാണെന്നും ഖാര്‍ഗെ കൂട്ടിച്ചേർത്തു.
രാജ്യസഭാധ്യക്ഷന് ബി.ജെ.പിയുടെ അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രതിപക്ഷകക്ഷികളെ സംസാരിക്കാന്‍ പോലും അദ്ദേഹം അനുവദിക്കുന്നില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തിനുവേണ്ടി ഞാന്‍ മരിക്കും…ഞാന്‍ മരിക്കുക തന്നെ ചെയ്യും” എന്നായിരുന്നു ധന്‍കറിന്റെ മറുപടി. വാക്പോര് മുറുകിയതോടെ ഡിസംബര്‍ 16 വരേക്കും സഭ പിരിഞ്ഞു.
STORY HIGHLIGHT: dhankhar kharge parliament clash