Kerala

നാട്ടിക അപകടം; ഒരു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി – lorry accident nattika

രണ്ടാം പ്രതിയും ലോറി ഡ്രൈവറുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.ജെ. ജോസിനു ജാമ്യം നിഷേധിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം

നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി ഉറങ്ങിക്കിടന്നവർക്കുമേൽ പാഞ്ഞുകയറി 2 കുട്ടികളടക്കം 5 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയും ലോറി ഡ്രൈവറുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.ജെ. ജോസിനു ജാമ്യം നിഷേധിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ വലപ്പാട് എസ്എച്ച്ഒയ്ക്കാണ് നിർദേശം നൽകിയ കോടതി ഇത്തരമൊരു സംഭവത്തിൽ പ്രതികൾ കസ്റ്റഡിയിൽ വിചാരണ നേരിടേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. നടപടികൾ പൂർത്തിയാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട കോടതിയിലേക്കു കേസ് കൈമാറണം. മൂന്ന് മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ജില്ല ജഡ്ജി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ഇത്തരം കേസുകളിൽ വരുന്ന കോടതി ഉത്തരവ് സമൂഹത്തിനു സന്ദേശമായി മാറണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. ഇത്തരം അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് അന്വേഷണ ഏജൻസിയുടെയും നീതിന്യായ വ്യവസ്ഥയുടെയും ഉത്തരവാദിത്തമാണെന്നും. നിയമവിരുദ്ധമായ ഈ പ്രവൃത്തിമൂലമാണ് നിഷ്കളങ്കരായ അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തതെന്നും കോടതി പറഞ്ഞു.

STORY HIGHLIGHT: lorry accident nattika