Celebrities

അല്ലു അര്‍ജുന് ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടിവരും; ജയിലിന് മുന്നില്‍ അല്ലുവിന് കൂട്ടായി ആരാധകർ – allu arjun will continue jail tonight

നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്

പുഷ്പ 2 സിനിമാ പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന് ഇന്ന് രാത്രി മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരും. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാതലത്തിലാണ് ജയിലില്‍ തങ്ങേണ്ടിവരിക. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ് അല്ലു കഴിയുന്നത്. ജയിലിന് മുന്നില്‍ ആരാധകരുടെ വന്‍ നിരയാണ്.

തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. അതിനാലാണ് അല്ലുവിന് ഇന്നു രാത്രി മുഴുന്‍ ജയിലില്‍ കഴിയേണ്ടിവരിക. അതേസമയം നാളെ രാവിലെത്തന്നെ ജയില്‍ മോചനമുണ്ടാകും. ഇതുവരെ ജില്ലാ ജയിലിന്റെ റിസപ്ഷനില്‍ ടാസ്‌ക് ഫോഴ്‌സ് പോലീസിന്റെ കസ്റ്റഡിയിലാണ് അല്ലു ഉണ്ടായിരുന്നത്.

കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.

STORY HIGHLIGHT: allu arjun will continue jail tonight