World

ഓപ്പൺ എ.ഐയെ വിമര്‍ശിച്ച് ​ഗുരുതര വെളിപ്പെടുത്തൽ; പിന്നാലെ ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ളാറ്റിൽ മരിച്ച നിലയിൽ | open ai

ഓപ്പൺ എ.ഐ ​ഗുരുതരമായ പകർപ്പവകാശ ലംഘനങ്ങൾ നടത്തുന്നതായി ബാലാജി ആരോപിച്ചിരുന്നു

ന്യൂഡൽഹി: ഓപ്പൺ എ.ഐയിലെ മുൻ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവ് ഫ്ളാറ്റിൽ മരിച്ചനിലയിൽ. സുചിർ ബാലാജി (26)യെയാണ് സാൻഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടത്. നവംബർ 26-ന് സംഭവിച്ച മരണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.

സുചിർ ബാലാജിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും വിളിച്ചറിയിച്ചതിനെത്തുടർന്ന് സാൻഫ്രാൻസിസ്കോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 26-നായിരുന്നു ഇത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

ഓപ്പൺ എ.ഐ ​ഗുരുതരമായ പകർപ്പവകാശ ലംഘനങ്ങൾ നടത്തുന്നതായി കമ്പനിയിൽനിന്ന് ആ​ഗസ്റ്റിൽ രാജിവെച്ചതിനുപിന്നാലെ ബാലാജി ആരോപിച്ചിരുന്നു. ബാലാജിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കിടയാക്കി. വലിയ ഞെട്ടലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അന്ന് പ്രകടിപ്പിച്ചത്. ടെസ്ല സി.ഇ.ഒ ഇലോൺ മസ്കും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

ഓപ്പൺ എ.ഐ അതിൻ്റെ ജനറേറ്റീവ് എ.ഐ പ്രോഗ്രാമായ ചാറ്റ് ജി.പി.ടിയെ പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകർപ്പവകാശമുള്ള ഡാറ്റകൾ ഉപയോഗിച്ചുവെന്നാണ് ബാലാജി പരസ്യമായി ആരോപിച്ചത്. ചാറ്റ് ജി.പി.ടി പോലുള്ള സാങ്കേതിക വിദ്യകൾ ഇൻ്റർനെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഓപ്പൺ എ.ഐയുടെ രീതികൾ ഇൻ്റർനെറ്റ് ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാണെന്നും സമ്മതമില്ലാതെ ഡാറ്റ ഉപയോഗിക്കുന്നത് അതിന്റെ യഥാർത്ഥ വ്യക്തികൾക്ക് ഹാനികരമാണെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ബാലാജി അഭിപ്രായപ്പെട്ടിരുന്നു.

ബാലാജിയുടെ ആരോപണങ്ങൾക്കുപിന്നാലെ നിരവധി രചയിതാക്കളും പ്രോ​ഗമർമാരും പത്രപ്രവർത്തകരും ഓപ്പൺ എ.ഐക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസുകൾ ഫയൽ ചെയ്തിരുന്നു.

STORY HIGHLIGHT: open ai reseacher found dead