ജയ്പൂർ: ആശുപത്രിയിൽ വച്ച് എലി കടിച്ചതിന് പിന്നാലെ 10 വയസ്സുകാരൻ മരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്. എന്നാൽ എലി കടിച്ചത് കൊണ്ടല്ല കുട്ടി മരിച്ചത് എന്നാണ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. സംഭവത്തിന് പിന്നാലെ ജയ്പൂരിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആശുപത്രിയിൽ അഡ്മിറ്റായതിന് പിന്നാലെ കുട്ടി കരയാൻ തുടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. പുതപ്പ് നീക്കിയപ്പോൾ എലിയുടെ കടിയേറ്റ് വിരലിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതാണ് കണ്ടതെന്ന് കുടുംബം പറഞ്ഞു. നഴ്സിനെ അറിയിച്ചതോടെ പ്രഥമ ശുശ്രൂഷ നൽകി. എലി കടിച്ചെന്ന വിവരം ലഭിച്ചയുടൻ കുട്ടിയെ ചികിത്സിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സന്ദീപ് ജസുജ പറഞ്ഞു. ആശുപത്രി പരിസരത്ത് ശുചിത്വം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുട്ടിക്ക് പനിയും ന്യുമോണിയയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉയർന്ന അണുബാധ കാരണമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. എലി കടിച്ചതല്ല കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി അംബരീഷ് കുമാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ പരാതി അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചു.
STORY HIGHLIGHT: cancer patient dies in hospital rat bite suspected