ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ. വളരെ വിശേഷപ്പെട്ട ഒരു ക്രിസ്മസ് ട്രീയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീകളിലൊന്നാണിത്. 63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീക്ക് 5.5 മില്യൺ ഡോളർ ഏകദേശം 47 കോടി രൂപയാണ് ഈ ട്രീയുടെ വിലയായി കണക്കാക്കുന്നത്.
2,024 വിയന്ന ഫില്‍ഹാര്‍മോണിക് ഗോൾഡ് കോയിനുകൾ ഉപയോഗിച്ചാണത്രെ ഈ ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്. ഈ വിശേഷപ്പെട്ട ക്രിസ്മസ് ട്രീ നിർമ്മിച്ചിരിക്കുന്നത് മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളായ പ്രോ ഔറമാണ്. എത്ര തലമുറകൾ കഴിഞ്ഞാലും ഈ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുമെന്നാണ് പ്രോ ഔറം വക്താവായ ബെഞ്ചമിന്‍ സമ്മ പറയുന്നത്. സ്വർണത്തിന്റെ കാലാതീതമായ പ്രാധാന്യത്തെ ഈ ക്രിസ്മസ് ട്രീ ഉയർത്തിക്കാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ക്രിസ്മസ് ട്രീ വിൽക്കാൻ വേണ്ടിയിട്ടല്ല തയ്യാറാക്കിയിരിക്കുന്നത്. പ്രോ ഔറത്തിന്റെ 35 -ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് ഈ ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ലോകത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഇതല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2010 -ല്‍ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ പ്രദർശിപ്പിച്ച ക്രിസ്മസ് ട്രീയാണ് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയതെന്നാണ് കരുതുന്നത്.
STORY HIGHLIGHT: christmas tree made of gold by pro aurum