History

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാഹനങ്ങൾ കുടുങ്ങിയത് 12 ദിവസം

അത്യാവശ്യ കാര്യത്തിന് സമയം കയ്യിൽപിടിച്ച് പുറത്തിറങ്ങുമ്പോൾ ആകും ട്രാഫിക് ബ്ലോക്ക്. ഒരിക്കലെങ്കിലും ബ്ലോക്കിൽ കിടന്ന് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. രണ്ടോ മൂന്നോ മണിക്കൂർ വരെ ബ്ലോക്ക് നീണ്ടുപോയാൽ തന്നെ നമ്മുടെ ക്ഷമ നശിക്കും. എന്നാൽ ആ ബ്ലോക്ക് 12 ദിവസം നീണ്ടു പോയാലോ ? ചിന്തിക്കാൻ പോലും കഴിയില്ല അല്ലേ ! എന്നാൽ അത്തരത്തിൽ ഒരു സംഭവം യഥാർഥത്തിൽ നടന്നു കഴിഞ്ഞു. ആ ബ്ലോക്ക് സംഭവിച്ചത് ചൈനയിലാണ്. 2010ൽ ചൈനീസ് ദേശീയ പാത 110ൽ ആണ് ഈ ബ്ലോക്ക് ഉടലെടുത്തത്. ഹെബെയ്, ഇന്നർ മംഗോളിയ മേഖല എന്നിവിടങ്ങളിലായിലായിരുന്നു ഈ വമ്പൻ ബ്ലോക്ക്. ആയിരക്കണക്കിനു വാഹനങ്ങൾ ഇതിനുള്ളിൽ കുടുങ്ങി.100 കിലോമീറ്ററോളം നീളത്തിലാണ് ബ്ലോക്കിലായി വാഹനങ്ങൾ അനങ്ങാതെ കിടന്നത്.

അപകടങ്ങളും പ്രകൃതിദുരന്തങ്ങളും അടക്കം സാധാരണഗതിയിൽ ട്രാഫിക് ബ്ലോക്കുകൾക്ക് പല കാരണങ്ങളുണ്ട്. എന്നാൽ ചൈനയിലെ ഈ വമ്പൻ ബ്ലോക്കിന് ഇതൊന്നുമായിരുന്നില്ല കാരണം. കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് വാഹനങ്ങൾ റോഡിലേക്കു കയറിയതാണ് ഇതിനു പിന്നിലെ കാരണമായത്. ബെയ്‌ജിങ്ങിലേക്ക് കൺസ്ട്രക്ഷൻ സാമഗ്രികൾ കയറ്റി വന്ന ട്രക്കുകൾ ഈ ബ്ലോക്കിന്റെ സ്‌ഥിതി രൂക്ഷമാക്കി.

കടുത്ത ബ്ലോക്കിൽപെട്ട വാഹനങ്ങൾ മുന്നോട്ടുനീങ്ങാനാകാതെ പ്രതിസന്ധിയിലായി. ഒരു ദിവസത്തിൽ ഒരു കിലോമീറ്റർ എന്ന വളരെച്ചെറിയ തോതിലാണ് വാഹനങ്ങൾ നീങ്ങിയതെന്ന് പിന്നീട് ഈ സംഭവത്തെപ്പറ്റി ഗവേഷണം നടത്തിയ വിദഗ്‌ധർ കണ്ടെത്തി. വാഹനത്തിൽ കുടുങ്ങിയവരുടെ ക്ഷമ ശരിക്കും പരീക്ഷിക്കപ്പെട്ടു ഈ സംഭവത്തിൽ. ആളുകൾ തങ്ങളുടെ വാഹനങ്ങളെ താൽക്കാലിക താമസയിടങ്ങളാക്കി മാറ്റുന്ന കാഴ്ചവരെ അന്നുണ്ടായി. ആ മേഖലയിലെ ചില തദ്ദേശീയ കച്ചവടക്കാർ അവസരം ശരിക്കും ഉപയോഗിച്ചു. വിപണിയിലുള്ളതിന്റെ പല മടങ്ങ് വിലയിൽ ഇവർ യാത്രക്കാർക്ക് ഇൻസ്‌റ്റന്റ് നൂഡിൽസും കുപ്പിവെള്ളവും മറ്റു ഭക്ഷണപ്പൊതികളുമൊക്കെ വിൽക്കാൻ തുടങ്ങി. വിപണിയിൽ 1 യുവാൻ വിലയുള്ള കുപ്പിവെള്ളം ബ്ലോക്കിൽപെട്ടവർക്ക് വിറ്റത് 15 യുവാനാണ് എന്നത് ഈ വിപണി മെച്ചപ്പെടുത്തലിന്റെ മികച്ച ഉദാഹരണം. 12 ദിവസങ്ങളായതോടെ അധികാരികളുടെ ഇടപെടലുകളും ഗതാഗത നിയന്ത്രണവും ശക്‌തമായി. ഒടുവിൽ ബ്ലോക്ക് മാറുകയും ചെയ്തു.