തൃശ്ശൂർ: ഏഴു വർഷത്തോളമായി പോലീസ് അന്വേഷണത്തിന് വഴികാട്ടിയായിരുന്ന ഹണി ഇനിയില്ല. കരൾ രോഗത്തെ തുടർന്ന് 25 ദിവസമായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹണി വിട പറയുമ്പോൾ പോലീസ് സേനയ്ക്ക് നഷ്ടമാകുന്നത് മിടുക്കിയായ ഒരു നായയെയാണ്. ഡി.ജി.പി.യുടെ പുരസ്കാരം നേടിയ ഏക നായ എട്ടുവയസ്സിലാണ് വിടപറഞ്ഞത്.
റൂറൽ കെ-9 സ്ക്വാഡിലെ ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെടുന്ന ഹണി, 35 കേസുകളിൽ പ്രതികളെ കണ്ടെത്താൻ സഹായിച്ചു. തുമ്പൂർ, ചാലക്കുടി ജൂവലറി കവർച്ചക്കേസുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹണിക്ക് തൃശ്ശൂർ റൂറൽ പോലീസിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചു. മതിലകം കട്ടൻ ബസാറിൽ യുവാവിനെ അതിഥിത്തൊഴിലാളികൾ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിന് 2019-ൽ ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു.
കെ-9 സ്ക്വാഡിന്റെ തുടക്കത്തിലെത്തിയ രണ്ട് നായ്ക്കളിലൊന്നാണ് ട്രാക്കർ ഇനത്തിൽപ്പെട്ട ഹണി. 2016-ൽ കേരളത്തിൽ ജനിച്ച് ഹരിയാണയിൽ ഇന്തോ-ടിബറ്റൻ ബോർഡർപോലീസിന്റെ നാഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ് ആൻഡ് അനിമൽ അക്കാദമിയിൽനിന്ന് ട്രാക്കർ വിഭാഗത്തിൽ ഒന്നാംസ്ഥാനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്.
2017-ലാണ് കേരളപോലീസിലെത്തിയത്. 2018 മുതലാണ് കെ-9 സ്ക്വാഡ് അംഗമായത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ തുമ്പൂർ സെയ്ന്റ് ജോർജ് പള്ളി മോഷണക്കേസിലായിരുന്നു തുടക്കം.
അസാമാന്യ ഘ്രാണശക്തിയും ശാന്തതയുമായിരുന്നു മികവെന്ന് പോലീസ് സേനാംഗങ്ങൾ പറയുന്നു. വേർപാട് പോലീസ്സേനയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് റൂറൽ എസ്.പി. നവനീത് ശർമ പറഞ്ഞു.
നവനീത് ശർമ, അഡീഷണൽ എസ്.പി. വി.എ. ഉല്ലാസ്, റൂറൽ ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. പി. അബ്ദുൾ ബഷീർ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, കെ-9 സ്ക്വാഡ് ഇൻ ചാർജ് പി.ജി. സുരേഷ്, ഹാൻഡ്ലർമാരായ റിജേഷ് ഫ്രാൻസീസ്, പി.ആർ. അനീഷ് തുടങ്ങി ഒട്ടേറെ പോലീസുദ്യോഗസ്ഥർ അന്ത്യോപചാരമർപ്പിച്ചു.
STORY HIGHLIGHT: police dog honey passes away