ഗാന്ധിനഗര്‍: വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശിയായ ഭാവിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗാന്ധിനഗർ സ്വദേശിനിയായ പായലിനെ പോലീസ് പിടികൂടി. പ്രാഥമിക അന്വേഷണത്തില്‍, വിവാഹത്തിന് മുമ്പ് താന്‍ പ്രണയിച്ചിരുന്ന ബന്ധുവായ കല്‍പേഷുമായി ചേര്‍ന്ന് പായല്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് വ്യക്തമായി.
ശനിയാഴ്ച ഭവിക് പായലിനെ കൊണ്ടുവരുന്നതിനായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ ഭവിക് വീട്ടിലെത്താതിരുന്നപ്പോള്‍ പായലിന്റെ പിതാവ് ഭവികിന്റെ പിതാവിനെ ഫോണ്‍ ചെയ്ത് അന്വേഷിച്ചു. മകന് ഇവിടെ നിന്ന് നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന് ഭവികിന്റെ പിതാവ് വ്യക്തമാക്കി. തുടര്‍ന്ന് പായലിന്റെ ബന്ധുക്കളും മറ്റും തിരച്ചില്‍ നടത്തുകയായിരുന്നു.
തിരച്ചിലിനിടെ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി. ഇരചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികളും പറഞ്ഞു. ഇരുചക്ര വാഹനത്തിലായിരുന്ന ഭവികിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍.
തുടര്‍ന്ന് പായലിന്റെ പിതാവുംമറ്റു ബന്ധുക്കളും പോലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാലാം ദിവസമുള്ള തട്ടിക്കൊണ്ടുപോകല്‍ പോലീസിന് സംശയമുണ്ടാക്കി. പോലീസ് പായലിനെ ചോദ്യം ചെയ്തു. ഇതോടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും വെളിച്ചത്തുവന്നു.
പായല്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൂന്ന് പ്രതികളെയും പിടികൂടി ചോദ്യം ചെയ്തു. പായലിന്റെ കാമുകന് കല്‍പേഷും മറ്റു രണ്ടുപേരും ചേര്‍ന്നാണ് കൃത്യം നടത്തിയത്.
ഭവികിനെ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കല്‍പേഷ് പോലീസിനോട് പറഞ്ഞു. മൃതദേഹം അടുത്തുള്ള നര്‍മദ കനാലില്‍ തള്ളിയതായും പ്രതികള്‍ മൊഴിനല്‍കി.
ഭവിക് വരുന്ന വഴിയും മറ്റുവിവരങ്ങളും കല്‍പേഷിന് കൈമാറിയത് പായലാണെന്നും പോലീസ് അറിയിച്ചു. കല്‍പേഷും പായലും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ ഭവികുമായുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പായല്‍ കാമുകനുമായി ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കാനുള്ള പദ്ധതിയിട്ടത്.
STORY HIGHLIGHT: women and lover arrested