കോടതിയിൽ കെട്ടിക്കിടന്ന കേസ് അവസാനിപ്പിക്കാൻ 6,70,000 റിയാൽ കൈപ്പറ്റിയ ജഡ്ജിയെ അഴിമതി വിരുദ്ധ അതോറിറ്റി അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു റീജനൽ കോടതിയിൽ ജോലി ചെയ്തിരുന്ന ജഡ്ജി കേസ് അവസാനിപ്പിക്കാനുള്ള കൈക്കൂലിയായി 10 ലക്ഷം റിയാലാണ് ആവശ്യപ്പെട്ടിരുന്നത്. 1.9 കോടി റിയാലിന്റെ സാമ്പത്തിക അപഹരണം സംബന്ധിച്ച കേസ് അവസാനിപ്പിക്കാനുള്ള പ്രതിഫലമായിരുന്നു ഇത്.
കേസ് അവസാനിപ്പിക്കാൻ കേസിലുൾപ്പെട്ട സ്വദേശി പൗരനാണ് പണം വാഗ്ദാനം ചെയ്തത്. അതേ കോടതിയിലെ മറ്റൊരു ജഡ്ജിയുടെ സഹായത്തോടെ കേസ് അവസാനിപ്പിക്കാൻ പ്രതിയായ ജഡ്ജി നീക്കം നടത്തുകയായിരുന്നു. സഹായിച്ച ജഡ്ജിയെ സസ്പെൻഡ് ചെയ്തതായും അതോറിറ്റി വക്താവ് പറഞ്ഞു. ആദ്യ ഗഡുവായി 6,70,000 റിയാൽ കൈപ്പറ്റവേയാണ് പിടിയിലായത്.
അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തിടെ രജിസ്റ്റർ ചെയ്ത 14 ക്രിമിനൽ കേസുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി.
STORY HIGHLIGHT: judge in saudi arabia arrested