India

ചോദ്യപേപ്പർ തട്ടിയെടുത്ത് പുറത്തേക്ക് ഓടി ഉദ്യോഗാർത്ഥികൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് – candidates snatched question papers

ബിഹാർ പബ്ലിക് സ‍ർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയ്ക്കിടെയുണ്ടായ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരീക്ഷ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ചോദ്യ പേപ്പറുകൾ തട്ടിയെടുത്തു കൊണ്ട് വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികൾ പുറത്തേക്ക് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥികളിൽ നിന്നും ഇവർ ചോദ്യ പേപ്പറുകൾ പിടിച്ചുവാങ്ങിയിരുന്നു.

പരീക്ഷ തുടങ്ങാൻ 45 മിനിറ്റോളം വൈകിയത് സംബന്ധിച്ച് ആദ്യം തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചില പരീക്ഷാർത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ചിലർ ഉദ്യോഗാർത്ഥികൾ അപ്രതീക്ഷിതമായി കയറിവരുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം പരീക്ഷ തുടങ്ങാൻ വൈകിയതിനാൽ അധിക സമയം അനുവദിക്കുമെന്ന് ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നതായി പരീക്ഷാ ചുമതലയുള്ള ജീവനക്കാർ പറഞ്ഞു.

ചോദ്യ പേപ്പർ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് ഇരച്ചുകയറിയ ഉദ്യോഗാർത്ഥികൾ ചോദ്യ പേപ്പറുകൾ വെച്ചിരുന്ന പെട്ടികൾ തുറന്ന് അവ എടുത്തുകൊണ്ടു പോവുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ ആളുകൾ സെന്ററിന് മുന്നിൽ കൂട്ടം കൂടി. ഇതിനിടെ ഒരു ഉദ്യോഗാർത്ഥി സ്റ്റോറേജ് ബോക്സിൽ നിന്ന് ചോദ്യ പേപ്പറിന്റെ പാക്കറ്റ് മോഷ്ടിച്ച് പുറത്തേക്ക് ഇറങ്ങുകയും അത് പൊട്ടിച്ച് വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് ഇവർ റൂമുകളിൽ കയറി ഹാജർ ഷീറ്റുകളും മറ്റ് രേഖകളും നശിപ്പിച്ചു. എക്സാം കേന്ദ്രത്തിലുണ്ടായിരുന്ന മജിസ്ട്രേറ്റും പൊലീസും സ്ഥിതിഗതികൾ നിയന്ത്രിച്ചെന്നും പരീക്ഷ പൂർത്തിയാക്കിയെന്നുമാണ് ഔദ്യോഗിക വിശദീകരണം. ആകെ 5,674 പേർ പ്രശ്നങ്ങളൊന്നുമില്ലാതെ പരീക്ഷ എഴുതിയെന്നും അധികൃതർ പറയുന്നു.

STORY HIGHLIGHT: candidates snatched question papers