സാൻ ഫ്രാൻസിസ്കോ: ആറ് പതിറ്റാണ്ടോളം ലോകത്തെ സംഗീതത്തിന്റെ മാസ്മരികവലയത്തിലാക്കിയ മാന്ത്രിക വിരലുകൾ നിലച്ചു. വിഖ്യാത തബലിസ്‌റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) ഇനിയില്ല. ഉയർന്ന രക്തസമ്മർദവും ഹൃദയസംബന്ധമായ അസുഖങ്ങളുംമൂലം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഉസ്താദിന്റെ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. തബലയെ ലോകസംഗീതത്തിന്റെ വിഹായസ്സിലേക്ക് ഉയർത്തിയ കലാകാരനാണ് വിടവാങ്ങിയത്.
മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിൽ പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാരാഖയുടെ മൂത്ത മകനായി 1951ൽ ജനിച്ചു. ന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി പ്രകടമാക്കി. 12 വയസ്സിനുള്ളിൽ രാജ്യത്ത് അങ്ങോളമിങ്ങോളം വേദികളിൽ ആ താള വിസ്‌മയം എത്തി. പഞ്ചാബ് ഖരാനയിൽ അച്ഛന്റെ പാത പിന്തുടർന്നു. ഏഴാംവയസ്സിൽ അച്ഛന് പകരക്കാരനായി സരോദ് വിദ്വാൻ ഉസ്താദ് അലി അക് ബർ ഖാനോടൊപ്പം വായിച്ചതാണ് ആദ്യ പ്രധാന വേദി. ബിസ്മില്ലാ ഖാൻ, പണ്ഡിറ്റ് രവിശങ്കർ ഉൾപ്പെടെയുള്ള അതുല്യപ്രതിഭകൾക്കൊപ്പവും പിന്നീട് ഒട്ടനവധി വേദികൾ.
മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു പഠനം. തുടർന്ന് വാഷിങ്‌ടൺ സർവകലാശാലയിൽനിന്ന് ചൈനീസ്, ആഫ്രിക്കൻ, ഇന്തോനേഷ്യൻ താളവാദ്യങ്ങൾ ശാസ്ത്രീയമായി പഠിച്ചു. പാരമ്പര്യത്തിലുറച്ച് നിൽക്കുമ്പോഴും പുതിയ പരീക്ഷണങ്ങൾക്കും മടിച്ചില്ല. കർണാടിക്, ഹിന്ദുസ്ഥാനി അതിർവരമ്പുകൾ ഭേദിക്കാൻ ശ്രമിച്ചു. ലോകത്തുള്ള പ്രധാനപ്പെട്ട എല്ലാ താള വാദ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലാനറ്റ് ഡ്രം അടക്കമുള്ളപ്രോജക്‌ടുകളിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞു.
ഇന്ത്യയിലും വിദേശത്തുമായി നിരവധി സിനിമകൾക്കായി സംഗീതമൊരുക്കി. മലയാളത്തിൽ ‘വാനപ്രസ്ഥം’ സിനിമയുടെ സംഗീത സംവിധായകനാണ്. 1988ൽ പത്മശ്രീയും 2002ൽ പത്മഭൂഷണും 2023ൽ പത്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. രാജ്യത്ത് സംഗീതത്തിലെ പരമോന്നത ബഹുമതിയായ സംഗീതനാടക അക്കാദമി അവാർഡ് 1990ൽ ലഭിച്ചു. അഞ്ച് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. മൂന്നെണ്ണം ഈ വർഷമാണ്. സംഗീത പരിപാടികളുമായി ജനുവരിയിൽ ഇന്ത്യാ ടൂർ നടത്താനിരിക്കെയാണ് തികച്ചും ആകസ്മികമായുള്ള വിടവാങ്ങൽ. കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. സംവിധായിക അനിസ ഖുറേഷി, നർത്തകി ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.