Explainers

ലക്ഷങ്ങൾ മുടക്കി വിരിച്ച ടൈലുകൾ പൊട്ടിപ്പൊളിയാറുണ്ടോ ? കാരണം ഇതാണ്

വീടിന്റെ ടൈലുകൾ പെട്ടെന്നൊരു ദിവസം അടർന്നു നിൽക്കുന്നത് കാണുമ്പോൾ ഞെട്ടിപ്പോകാറുണ്ടോ? ലക്ഷങ്ങൾ മുടക്കി വിരിച്ച ടൈലുകൾ എന്തുകൊണ്ട് ഇങ്ങനൊയാകുന്നു എന്നാകുമല്ലേ സംശയം. ഒരു പ്രേതസിനിമയിൽ എന്നപോലെ അപ്രതീക്ഷിതമായ നേരത്ത് പെട്ടെന്ന് ഇളകിപ്പോരുകയോ പൊട്ടിത്തെറിക്കുകയോ ആണ് ചെയ്യുന്നത്. ഈ പൊട്ടിത്തെറിക്കൽ പല ഘട്ടങ്ങളായി നടക്കാം. അതിന്റെ കാരണം ഇതാണ്.

1. ടൈൽ വിരിച്ചതിലെ പാകപ്പിഴ
2. ഗുണനിലവാരത്തിലെ അപാകത
3. ബെൻഡിങ് സ്‌ട്രെസ്
4. വലിപ്പം കൂടിയ മുറികൾ

ആദ്യത്തെ രണ്ട് വിഷയങ്ങളും എല്ലാവർക്കും അറിയുന്നതും കൃത്യമായ ധാരണ ഉള്ളതും ആകും. എന്നാൽ ബെൻഡിങ് സ്ട്രെസ് എന്താണെന്ന് വ്യക്തമായ ധാരണ കാണില്ല. ഒരു ടൈൽ രൂപകൽപന ചെയ്യുമ്പോൾ പ്രധാനമായും പരിഗണിക്കപ്പെടുന്ന ലോഡ്‌ പൊതുവെ നിസ്സാരമാണ്. പ്രസ്തുത ടൈലിന് മുകളിലൂടെ നടക്കുന്ന ആളുകളുടെ ഭാരം, ടൈലിന്മേൽ ഫർണിച്ചറുകൾ സൃഷ്ടിക്കുന്ന ഭാരം, ഈ ഭാരങ്ങളുടെ ദിശ എന്നിവയ്ക്ക് അപ്പുറം കാര്യമായി മറ്റൊന്നും ഇവിടെ പരി​ഗണിക്കപ്പെടുന്നില്ല. ഇത്തരം ലോഡ് വരുന്നതിന് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.
ഒരു ബീമോ, സ്ളാബോ ലോഡ് ചെയ്യപ്പെടുമ്പോൾ, അഥവാ സ്വയം ഭാരം അതിൽ അനുഭവപ്പെടുമ്പോൾ അത് നേരിയ തോതിൽ ഒന്ന് താഴോട്ടു വളയും. ഈ വളയലിനെ ‘സാഗിങ്’ എന്ന് വിളിക്കും. ഇങ്ങനെ സ്ളാബ് താഴോട്ടു വലയുമ്പോൾ അതിന്റെ അടി ഭാഗത്തെ ലെയറുകൾ വലിഞ്ഞു മുറുകും. മുകൾവശത്തെ ലെയറുകൾ ഒന്ന് ഞെരിയും. ഇതിനെയാണ് ‘ബെൻഡിങ് സ്‌ട്രെസ്’ എന്ന് വിളിക്കുന്നത്. ഇത്തരം സമ്മർദ്ദങ്ങളും, വലിവ് ബലങ്ങളും ടൈലുകൾ പൊട്ടുന്നതിന് കാരണമാകുന്നു.

മുറികളുടെ വലിപ്പം എങ്ങനെ ടൈലുകൾ പൊട്ടാൻ കാരണമാകുന്നു എന്ന് പരിശോധിച്ചാൽ കൃത്യമായ സ്ട്രക്ചറൽ കൺസൾട്ടേഷൻ, സൂപ്പർവിഷൻ ഇല്ലാതെ സ്പാനുകൾ വർധിപ്പിക്കുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ സാഗിങ് വർധിക്കും, ആനുപാതികമായി ബെൻഡിങ് സ്‌ട്രെസ് വർധിക്കും. അപ്പോഴും ടൈലുകൾ പൊട്ടും. സാഗിങ് എന്നത് സ്ളാബിൽ മാത്രം ഉണ്ടാകുന്ന ഒന്നല്ല, കൃത്യമായി നിർമിക്കാത്ത ഫ്ളോറിലും ഇതുണ്ടാകാം. നിലവിൽ വലിയൊരു ശതമാനം സൈറ്റുകളിലും ഫ്ലോർ കോൺക്രീറ്റിങ് നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ല. ഇതും ടൈലുകൾ നശിക്കുന്നതിന് കാരണമാകുന്നു.

Tags: tiles crack

Latest News